നിലത്തിരിക്കാന്‍ ചുവന്ന തോര്‍ത്ത്; കഴുത്തില്‍ ഡിഎംകെ ഷാള്‍; സഭയിലേക്ക് മാസ് എന്‍ട്രി നടത്തി പിവി അന്‍വര്‍; സ്വീകരിച്ച് ലീഗ് എംഎല്‍എമാര്‍

സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര നിലപാട് സ്വീകരിച്ച പിവി അന്‍വര്‍ ഇന്ന് സഭയിലെത്തി. മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ച ശേഷമാണ് അന്‍വര്‍ സഭക്ക് അകത്തേക്ക് കയറിയത്. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ വേണ്ടിയാണ്. വേണ്ടിവന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ടാണ് ഗവര്‍ണറെ കണ്ട് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതിയില്‍ കേസ് വന്നാല്‍ സഹായിക്കണം എന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നലെ രാജ്ഭവനില്‍ എത്താത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടാകും എന്നതു കൊണ്ടാണെന്നും അന്‍വര്‍ ആരോപിച്ചു.

പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള അനുമതി സ്പീക്കറില്‍ നിന്ന് ലഭിച്ചതു കൊണ്ടാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല. അവിടെ നിന്നും സീറ്റ് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും. അതിനായി ചുവന്ന തോര്‍ത്തുമായാണ് സഭയിലേക്ക് പോകുന്നതെന്നും അന്‍വര്‍ പറഞ്ഞു. തൊഴിലാളി സമൂഹത്തിന്റെയും രക്തസാക്ഷികളുടെ ചോരയുടേയും പ്രതീകം എന്ന നിലയിലാണ് ചുവന്ന തോര്‍ത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും അന്‍വര്‍ വ്യക്തമാക്കി.

കഴുത്തില്‍ ഡിഎംകെ നേതാക്കള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഷാള്‍ അണിഞ്ഞാണ് അന്‍വര്‍ എത്തിയത്. പ്രതിപക്ഷ നിരയില്‍ അവസാന നിരയിലാണ് അന്‍വറിന് സീറ്റ് അനുവദിച്ചിരിക്കുന്നത്. സഭയിലെത്തിയ അന്‍വറിനെ മുസ്ലിം ലീഗ് എംഎല്‍എമാര്‍ കൈ കൊടുത്താണ് സ്വീകരിച്ചത്. നജീബ് കാന്തപുരം, പി ഉബൈദുളള എന്നീ എംഎല്‍എമാരാണ് അന്‍വറിനെ സ്വീകരിച്ചത്. സഭയുടെ ഒന്നാം നിലയിലേക്ക് അന്‍വര്‍ എത്തിയത് കെടി ജലീലിനൊപ്പമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top