പിവി അന്‍വര്‍ ഉടന്‍ മുഖ്യമന്ത്രിയെ കാണും; എഡിജിപിക്കെതിരായ തെളിവുകള്‍ കൈമാറും; പരാതിയും നല്‍കും
എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. പന്ത്രണ്ട് മണിക്കാണ് മുഖ്യമന്ത്രി സമയം അനുവദിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും കൈമാറും.
ഇന്നലെ തന്നെ അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ അടക്കം ഉന്നയിച്ച ആരോപണങ്ങളുടെ തെളിവുകളാണ് കൈമാറുന്നത്. ആഭ്യന്തര വകുപ്പിനെതിരെ ഭരണപക്ഷ എംഎല്‍എ തന്നെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് വലിയ പ്രതിസന്ധിയാണ് സര്‍ക്കാരിന് മുന്നില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും വിശ്വസ്തനെ പൂര്‍ണ്ണമായും കൈവിടാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. ക്രമസമാധന ചുമതലയുളള എഡിജിപി സ്ഥാനത്ത് അജിത്കുമാറിനെ നിലനിര്‍ത്തായാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് അജിത്കുമാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ്. ഇതില്‍ അന്‍വറിന് എതിര്‍പ്പുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരില്‍ അറിയിക്കാനാണ് എംഎല്‍എയുടെ തീരുമാനം.
മുഖ്യമന്ത്രിയുടെ ഓഫീസിലേയും മന്ത്രിമാരുടേയും ഫോണ്‍ ചോര്‍ത്തി, സ്വര്‍ണക്കടത്ത്, കൊലപാതകം, മാഫിയ ബന്ധം തുടങ്ങി ഗുരുതരമായ അരോപണങ്ങളാണ് അജിത്കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ചത്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി സഹായം ചെയ്യുന്നതായും അന്‍വര്‍ ആരോപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here