‘അന്തസുള്ള മുഖ്യമന്ത്രി’; കള്ള അന്വേഷണം നടത്തി രക്ഷപെടാം എന്ന് വിചാരിക്കേണ്ട; എംവി ഗോവിന്ദനെ കണ്ട് പിവി അന്‍വര്‍

ആരുടെ മുന്നിലും കീഴടങ്ങിയിട്ടില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ദൈവത്തിനും പാര്‍ട്ടിക്കും മുന്നില്‍ മാത്രമേ കീഴടങ്ങൂ. പോലീസിലെ വലിയ ഒരു ലോബിക്കെതിരെയാണ് പോരാടുന്നത്. അത് തുടരും. ഇപ്പോള്‍ നടക്കുന്ന അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. അത് നല്ല രീതിയില്‍ തന്നെ നടക്കുമെന്നാണ് കരുതുന്നത്. അന്വേഷണം തെറ്റായ രീതിയിലേക്ക് പോയാല്‍ അപ്പോള്‍ ഇടപെടും. കള്ള അന്വേഷണം നടത്തി രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരില്‍ കണ്ട് അന്‍വര്‍ പരാതി നല്‍കി. അതിനുശേഷമാണ് കീഴടങ്ങില്ലെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ നടപടിയും കൃത്യമായി ഉണ്ടാകും. വിശ്വസിച്ച് ഏല്‍പ്പിച്ചവരാണ് ചതിച്ചത്. അതില്‍ മുഖ്യമന്ത്രിയെ കുറ്റം പറയാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ ഇരിക്കുന്ന എന്നെക്കാള്‍ മുതിര്‍ന്നവര്‍ ഇതൊന്നും അന്വേഷിച്ചിട്ടുണ്ടാകില്ല. അതാണ് ഇക്കാര്യങ്ങള്‍ തനിക്ക് പുറത്തു പറയേണ്ടി വന്നത്. തനിക്ക് മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും കമിറ്റ്‌മെന്റ് ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ തീരുമാനിച്ചതിലും അന്‍വര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എഡിജിപിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അന്നും ചോദിക്കാന്‍ അന്‍വര്‍ ഉണ്ടാകും. ഹെഡ്മാസ്റ്റര്‍ ഇരിക്കുമ്പോള്‍ പ്യൂണ്‍ അന്വേഷിക്കുന്നത് ശരിയാണെന്ന് പറയാന്‍ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. എഡിജിപി സ്ഥാനത്ത് അജിത്കുമാര്‍ ഇരിക്കുമ്പോള്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമോ എന്ന ചോദ്യത്തിന് അത് തന്നെയാണ് തനിക്കും ചോദിക്കാനുളളതെന്നും അന്‍വര്‍ മറുപടി നല്‍കി.

എഡിജിപിയെ മാറ്റേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. തുടര്‍ ഭരണം നേടി തന്നവര്‍ ചോദിക്കുന്നതാണ് താനും പറയുന്നത്. അതില്‍ നടപടിയുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. പാര്‍ട്ടിയില്‍ അടി ഉറച്ച് വിശ്വസിക്കുന്ന സഖാവാണ്. അതേ പാര്‍ട്ടിയാണ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയത്. അല്ലാതെ വീട്ടില്‍ നിന്ന് എത്തി പിണറായി മുഖ്യമന്ത്രിയായതല്ല. പാര്‍ട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. നടപടി വരും എന്ന് വിശ്വാസമുണ്ട്. താന്‍ എലിയായി എന്നെല്ലാം പ്രചരണം നടക്കുന്നുണ്ട്. അതൊന്നും കാര്യമാക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡിജിപി എംആര്‍ അജിത്കുമാറിനുമെതിരെ കടുത്ത വിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. ഫോണ്‍ ചോര്‍ത്തല്‍, മാഫിയ ബന്ധം, സ്വര്‍ണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും അന്‍വര്‍ പരാതി നല്‍കിയിരുന്നു. ആരോപണങ്ങളില്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top