കോണ്‍ഗ്രസിന് പിന്നാലെ ലീഗില്‍ നിന്നും അന്‍വറിന് തിരിച്ചടി; പുതിയ ആളുകളെ പാര്‍ട്ടിയിലേക്ക് എടുക്കുന്നില്ലെന്ന് സലാം
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കിയ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് ലീഗില്‍ നിന്നും തിരിച്ചടി. പുതിയ ആളുകളെ ലീഗിലേക്ക് എടുക്കുന്നില്ലെന്നാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം നല്‍കിയ മറുപടി. അന്‍വര്‍ ലീഗിലേക്ക് എത്തുമോ എന്ന ചോദ്യത്തിനായിരുന്നു സലാമിന്റെ മറുപടി. 25 ലക്ഷം അംഗങ്ങള്‍ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് അന്‍വര്‍ വരുന്നുണ്ടോ എന്ന കാര്യത്തില്‍ ആദ്യം നിലപാട് വ്യക്തമാക്കണം. അതിനുശേഷം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും സലാം പറഞ്ഞു.
ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസില്‍ അന്‍വറിന് സ്വീകരണം നല്‍കിയിട്ടില്ലെന്നും സലാം പറഞ്ഞു. ചേലക്കര പള്ളത്തെ മുസ്ലിം ലീഗ് ഓഫീസില്‍ പി.വി.അന്‍വര്‍ എത്തിയത് ചര്‍ച്ചയായിരുന്നു. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിന് ഒപ്പമാണ് അന്‍വര്‍ വന്നത്. ആതിഥ്യ മര്യാദയുടെ പേരില്‍ സ്വീകരിച്ചതാണ് എന്നാണ് പ്രാദേശിക ലീഗ് നേതൃത്വം വ്യക്തമാക്കിയത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി എം.എം.മിൻഹാജിനെ പിന്‍വലിച്ച് യുഡിഎഫിന് പിന്തുണ നല്‍കുകയാണ് എന്ന് അന്‍വര്‍ അറിയിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ നിരുപാധികം പിന്തുണയ്ക്കുമെന്നും വിജയത്തിനായി ഡിഎംകെ ആത്മാർഥമായി പ്രവർത്തിക്കുമെന്നുമാണ് അന്‍വര്‍ പറഞ്ഞത്.
പാലക്കാട് പിന്തുണ നല്‍കണമെങ്കില്‍ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം എന്ന അന്‍വറിന്റെ ആവശ്യം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തള്ളിക്കളഞ്ഞിരുന്നു. അന്‍വര്‍ തമാശ പറയരുത് എന്ന് പറഞ്ഞു രൂക്ഷമായ പ്രതികരണമാണ് സതീശന്‍ നടത്തിയത്. ഇതിനു ശേഷമാണ് ഈ പ്രശ്നത്തില്‍ നിരുപാധികം കീഴടങ്ങി പാലക്കാട്ടെ സ്ഥാനാര്‍ത്ഥി മിൻഹാജിനെ അന്‍വര്‍ പിന്‍വലിച്ചത്. എന്നാല്‍ ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here