അന്‍വര്‍ എല്‍ഡിഎഫ് വിടുന്നു; സഭയില്‍ ഇനി ഇടതിനും വലതിനും ഇടയില്‍ ഇരിക്കുമെന്ന് പ്രഖ്യാപനം

സ്വതന്ത്ര എംഎല്‍എയായ പി.വി.അന്‍വര്‍ നിയമസഭയിലും ഇനി ‘തനി’ സ്വതന്ത്രനാകും. രാജി വയ്ക്കില്ലെന്നും ആ പൂതി നടക്കില്ലെന്നും പറഞ്ഞ അന്‍വര്‍ നിയമസഭയില്‍ ഇടതിനും വലതിനും ഇടയില്‍ ഇരിക്കുമെന്നാണ് പറഞ്ഞത്.

നിയമസഭയിൽ യുഡിഎഫ്-എല്‍ഡിഎഫ് പക്ഷത്തല്ലാതെ നടുപക്ഷത്ത് സീറ്റ് നല്‍കാന്‍ സ്പീക്കറോട് ആവശ്യപ്പെടും. തന്നെ പിന്തുണയ്ക്കുന്ന നേതാക്കളുടെ പേര് പറയുകയാണെങ്കില്‍ എഴുതാന്‍ ബുക്കുതന്നെ വേണ്ടിവരുമെന്നും അന്‍വര്‍ പറഞ്ഞത് അര്‍ത്ഥഗര്‍ഭവുമാണ്. ഇത്രയും ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിക്കൊപ്പം നിയമസഭയില്‍ ഇരിക്കുമോ എന്ന ചോദ്യത്തിന് ‘അവരേക്കാൾ ഉളുപ്പില്‍ ഇരിക്കു’മെന്നാണ് മറുപടി പറഞ്ഞത്..

അതേസമയം സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലമ്പൂരിലെ ജയത്തിന് പിന്നില്‍ പാര്‍ട്ടി വോട്ടുകള്‍ മാത്രമല്ലെന്ന് സിപിഎമ്മിനും അന്‍വറിനും അറിയാം. പാര്‍ട്ടി അണികളുടെ പിന്തുണ അന്‍വറിന് നഷ്ടപ്പെട്ടിട്ടുമില്ല.

രക്തസാക്ഷി പരിവേഷവുമായി സ്വാതന്ത്രനായി നിലമ്പൂരില്‍ നിന്നാല്‍ വീണ്ടും ജയിക്കാന്‍ കഴിയും എന്ന കണക്കുകൂട്ടലിലാണ് അന്‍വര്‍. പക്ഷെ പാര്‍ട്ടി ശത്രുക്കളുടെ കൂട്ടത്തിലേക്ക് കേരള രാഷ്ട്രീയത്തില്‍ നിന്നും ഒരാള്‍ കടന്നുവരുകയാണ്. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒരിക്കല്‍ പ്രിയപ്പെട്ടതായിരുന്ന അന്‍വര്‍ ആണ് ആ ഗണത്തിലേക്ക് വരുന്നത് എന്ന് മാത്രം.

യുഡിഎഫ് വിരോധം ഇല്ലാതാക്കുന്നതിന് മുന്നോടിയായി രാഹുല്‍ ഗാന്ധിക്ക് എതിരെ നടത്തിയ പരാമര്‍ശത്തിലും അന്‍വര്‍ തിരുത്തല്‍ വരുത്തി. രാഹുല്‍ ഗാന്ധിയുടെ പൊളിറ്റിക്കല്‍ ഡിഎന്‍എ പരിശോധിക്കണം എന്നാണ് താന്‍ പറഞ്ഞത്. അല്ലാതെ ബയോളജിക്കല്‍ ഡിഎന്‍എ പരിശോധിക്കാന്‍ പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top