അന്‍വറിനെ കേള്‍ക്കാന്‍ തടിച്ചു കൂടി നിലമ്പൂരുകാര്‍; വേദിയില്‍ പ്രാദേശിക നേതാക്കളും; അങ്കലാപ്പില്‍ സിപിഎം

മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച പിവി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് വന്‍ജനാവലി. നിലമ്പൂരിലെ ചന്തക്കുന്നത്ത് നടന്ന പൊതുയോഗത്തിലേക്ക് ജനം ഒഴുകിയെത്തി. തനിക്ക് ബോധിപ്പിക്കാനുള്ളത് നിലമ്പൂരിലെ ജനങ്ങളെയാണെന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ പൊതുയോഗം പ്രഖ്യാപിച്ചത്. അന്‍വറിനെ കേള്‍ക്കാന്‍ ജനം എത്തുമോ എന്നതിലായിരുന്നു ആകാംക്ഷ. എന്നാല്‍ നിലമ്പൂരുകാരുടെ മനസില്‍ താന്‍ ഉണ്ടെന്ന് അന്‍വറിന് തെളിയിക്കാനായി.

ആറരക്ക് പ്രഖ്യാപിച്ച പൊതുയോഗത്തിലേക്ക് നാലു മണി മുതല്‍ തന്നെ ജനം ഒഴുകിയെത്തി. ഏഴു മണിയോടെയാണ് അന്‍വര്‍ വേദിയിലേക്ക് എത്തിയത്. ഇതോടെ ആവേശം അണപൊട്ടി. ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യത്തോടെയാണ് പ്രവര്‍ത്തകരും അനുകൂലികളും അന്‍വറിനെ സ്വീകരിച്ചത്. സിപിഎം അണികള്‍ മാത്രമല്ല പ്രദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. പൊതുയോഗത്തിന് സ്വാഗതം പറഞ്ഞത് തന്നെ സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകുവായിരുന്നു.

സിപിഎം അണികള്‍ മാത്രമല്ല മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും അന്‍വറിനെ കേള്‍ക്കാന്‍ എത്തി. ചന്തക്കുന്നിലെ ഈ ജനാവലി അസ്വസ്ഥപ്പെടുത്തുന്നത് സിപിഎമ്മിനെയാണ്. തള്ളിപ്പറഞ്ഞും പാര്‍ട്ടിയുടെ ശത്രുവാണെന്ന് പ്രഖ്യാപിച്ചും അണികളെ അന്‍വറില്‍ നിന്നും അകറ്റാനായിരുന്നു സിപിഎം ശ്രമം. നാട് മുഴുവന്‍ നടന്ന് കൊലവിള മുദ്രാവാക്യം അടക്കം വിളിച്ച് പ്രകടനവും നടത്തി. എന്നാല്‍ നിലമ്പൂരുകാരെ അന്‍വര്‍ വിളിച്ചപ്പോള്‍ പാളിയത് സിപിഎമ്മിന്റെ ഈ ശ്രമങ്ങളാണ്. പ്രാദേശിക നേതാക്കള്‍ കൂടി അന്‍വറിനൊപ്പം നില്‍ക്കുന്നതോടെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് സിപിഎമ്മിന് വ്യക്തമായിട്ടുണ്ട്. മുസ്ലിം വേട്ടയെന്ന വ്യക്തമായ അജണ്ട മുന്നോട്ടുവച്ച് അന്‍വര്‍ നടത്തുന്ന നീക്കങ്ങളിലെ അപകടവും ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയും ഇന്നാണ് സിപിഎം തിരിച്ചറിഞ്ഞത്. അന്‍വര്‍ പൊട്ടിത്തെറിച്ചിട്ട് മൂന്ന് ദിവസമായിട്ടും ആരോപണങ്ങളില്‍ കൃത്യമായൊരു മറുപടി മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top