എല്‍ഡിഎഫ് തള്ളിയാല്‍ അന്‍വറിന് യുഡിഎഫിലും ഇടമില്ല; നഷ്ടമാകുന്നത് രാഷ്ട്രീയാഭയം; നിലമ്പൂര്‍ എംഎല്‍എക്ക് മുന്നില്‍ വഴികള്‍ അടയുന്നോ

നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന് രാഷ്ട്രീയാഭയം നഷ്ടമാകുന്നു. ആഭ്യന്തരവകുപ്പിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ രംഗത്തുവന്നതോടെ അന്‍വറിനെ തള്ളിയാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. അന്‍വറിന് ഇടത് പശ്ചാത്തലമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരെ അന്വേഷണം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ട്ടി പിന്തുണ അന്‍വറിന് ഇല്ലെന്ന് ഇന്ന് സിപിഎം ഇറക്കിയ വാര്‍ത്താക്കുറിപ്പോടെ വ്യക്തമാവുകയും ചെയ്തു. സര്‍ക്കാരിനും പാർട്ടിക്കും എതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്.

തന്നെ പാര്‍ട്ടിക്ക് ആവശ്യമില്ലെങ്കില്‍ സ്വന്തം വഴിനോക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വന്നതിന് ശേഷം ഇന്നലെ അന്‍വര്‍ പ്രതികരിച്ചത്. പക്ഷെ എ.പി.അബ്ദുള്ളക്കുട്ടിയെപ്പോലെ സിപിഎം പുറന്തള്ളിയാല്‍ അന്‍വറിനെ യുഡിഎഫ് സ്വീകരിക്കില്ല. അന്‍വറിനെ ലീഗിലേക്ക് ക്ഷണിച്ച് നിലമ്പൂര്‍ പ്രാദേശിക ലീഗ് നേതാവ് ഇറക്കിയ ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ പിന്‍വലിക്കപ്പെട്ടത് ഇതിനുള്ള തെളിവാണ്.

ലീഗിലേക്ക് ക്ഷണിച്ച കാര്യം അറിയില്ലെന്നാണ് പാര്‍ട്ടി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. തീര്‍ത്തും അപ്രസക്തമായ കാര്യമാണിതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും അന്‍വറിനെതിരെ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന് പറഞ്ഞ അന്‍വറിനെ മുന്നണിക്ക്‌ ആവശ്യമില്ലെന്നാണ് ഹസന്‍ പറഞ്ഞത്. ചെങ്കൊടി പിടിച്ച് തന്നെ മുന്നോട്ടുപോകട്ടെ എന്നും ഹസന്‍ പറഞ്ഞു. ഇതോടെ യുഡിഎഫ് എന്ന വഴിയാണ് അന്‍വറിന് മുന്നില്‍ അടയുന്നത്.

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പി ശശിയാണ്. സ്വര്‍ണം പൊട്ടിക്കലില്‍ ശശി പങ്കുപറ്റുന്നുണ്ടോ എന്ന് അന്വേഷിക്കണം എന്ന് തുടങ്ങി കടുത്ത ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. പാര്‍ട്ടിയും സര്‍ക്കാരും ഒരുപോലെ തള്ളിക്കളഞ്ഞതോടെ അന്‍വര്‍ ഇനി എന്ത് നിലപാട് എടുക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നിരന്തര ആരോപണങ്ങള്‍ ഉതിര്‍ത്ത് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയതോടെ അന്‍വറിനെതിരെ നിലപാട് കടുപ്പിക്കുകയാണ് സര്‍ക്കാര്‍ എന്ന സൂചനകളാണ് വന്നത്. തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചതിന് അന്‍വറിന് എതിരെ എഡിജിപി എം.ആര്‍.അജിത്‌ കുമാറിന് കോടതിയില്‍ പോകാന്‍ അനുമതി നല്‍കിയേക്കും. അന്‍വറിനെതിരെയുള്ള മറ്റു കേസുകളും സര്‍ക്കാര്‍ കടുപ്പിച്ചേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top