ചേലക്കരയില്‍ അന്‍വര്‍ ഷോ; പോലീസിനേയും ഇലക്ഷന്‍ കമ്മിഷനെയും വെല്ലുവിളിച്ച് വാര്‍ത്താസമ്മേളനം
തിരഞ്ഞെടുപ്പ് കമ്മിഷനേയും പോലീസിനേയും വെല്ലുവിളിച്ചാണ് പിവി അന്‍വര്‍ ഇന്ന് ചേലക്കരയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. സാധാരണ നിലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നിടത്ത് പുറത്തു നിന്നുള്ള നേതാക്കള്‍ പരസ്യ പ്രചരണം അവസാനിക്കുന്നതോടെ മണ്ഡലം വിടുകയാണ് പതിവ്. എന്നാല്‍ ഇത് ചട്ടത്തില്‍ പറയുന്നതല്ലെന്ന് വാദിച്ചാണ് അന്‍വര്‍ ചേലക്കരയില്‍ തന്നെ തുടരുന്നത്. ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് ഇന്നലെ തന്നെ പ്രഖ്യാപിച്ചു. വലിയ വെളിപ്പെടുത്തല്‍ നടത്തുമെന്നും അവകാശപ്പെട്ടു. ഇതോടെ വാര്‍ത്താ സമ്മേളനം അനുവദിക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനൊന്നും വഴങ്ങാതെ അന്‍വര്‍ ചേലക്കരയിലെ ഹോട്ടലില്‍ വാര്‍ത്താസമ്മേളനം നടത്തി. ഏറെ നാടകീയ സംഭവങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ നടന്നത്. ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്‍വറിന് നോട്ടീസ് നല്‍കി. വാര്‍ത്താ സമ്മേളനം നടക്കുന്നതിന് ഇടയിലായിരുന്നു നോട്ടീസ് കൈമാറല്‍. വാർത്താസമ്മേളനം നിർത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അന്‍വര്‍ ഇത് അംഗീകരിക്കാന്‍ തയാറായില്ല. ചട്ടപ്രകാരം തനിക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ കഴിയുമെന്ന നിലപാടില്‍ അന്‍വര്‍ ഉറച്ചുനിന്നു. വാര്‍ത്താസമ്മേളനം നിര്‍ത്തണമെങ്കില്‍ ചട്ടം പറയണമെന്നും ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ചട്ടം പറയാന്‍ നില്‍ക്കാതെ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കി. പിന്നാലെ അന്‍വറിനെതിരെ നടപടിയുണ്ടാകുമെന്ന് മാത്രം പ്രതികരിച്ച് മടങ്ങുകയും ചെയ്തു. അന്‍വര്‍ വാര്‍ത്താസമ്മേളനം തുടരുകയായിരുന്നു. അന്‍വറിന്റെ വാര്‍ത്താസമ്മേളനം മുഴുവന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘം വീഡിയോയില്‍ ചിത്രീകരിച്ചു. ഇനി എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.
വലിയ വെളിപ്പെടുത്തല്‍ എന്ന് പറഞ്ഞാണ് മാധ്യമങ്ങളെ കണ്ടതെങ്കിലും ഇതുവരെ പറഞ്ഞിരുന്ന കാര്യങ്ങള്‍ തന്നെയാണ് അന്‍വര്‍ ഇന്നും ആവര്‍ത്തിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. 98 എം.എല്‍.എ. മാരും മുഖ്യമന്ത്രിയും ഒരുഭാഗത്ത്. പ്രതിപക്ഷനേതാവും 40 എം.എല്‍.എ.യും മറുഭാഗത്ത്. സുരേഷ് ഗോപിയും കേന്ദ്രമന്ത്രിമാരും വേറൊരു ഭാഗത്ത്. ഇവരെല്ലാരും കൂടെ വായ്പോയ കോടാലിക്ക് വേണ്ടി ഏറ്റുമുട്ടുകയാണ്. ഞങ്ങള്‍ ഈ ദിവസവും ഉപയോഗപ്പെടുത്തുമെന്നും അന്‍വര്‍ പറഞ്ഞു. ചെറുവത്തൂരില്‍ പിടികൂടിയ പണത്തിന് പിന്നില്‍ മന്ത്രി റിയാസാണെന്നും കോളനികള്‍ കേന്ദ്രീകരിച്ച് പണമുളള കവറില്‍ സ്ലിപ്പ് നല്‍കുകയാണെന്നും അന്‍വര്‍ ആരോപിക്കുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here