പുതിയ പാര്‍ട്ടിയോ അതോ ഡിഎംകെയോ; അന്‍വര്‍ ഇന്ന് നയം വ്യക്തമാക്കും
പി.വി.അൻവറിന്റെ പൊതുയോഗം ഇന്ന്. വൈകിട്ട് മഞ്ചേരിയിൽ ആണ് യോഗം നടക്കുക. പുതിയ പാർട്ടി പ്രഖ്യാപനമോ അതോ ഡിഎംകെയില്‍ ചേരുമോ എന്ന് ഇന്നറിയാം. പുതിയ പാർട്ടിയാണെങ്കില്‍ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നായിരിക്കുമെന്നും സൂചനയുണ്ട്. ഡിഎംകെ നേതാക്കളെ കണ്ട സാഹചര്യത്തില്‍ അന്‍വറിന്റെ യോഗത്തില്‍ ഡിഎംകെ പ്രതിനിധികള്‍ എത്തിയേക്കും.
മഞ്ചേരിയിൽ വച്ച് നടത്താൻ തീരുമാനിച്ച പൊതുയോഗം ഇന്ന് നടക്കുമെന്ന് അൻവർ അറിയിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രീയസംവിധാനങ്ങളിൽ കാതലായ മാറ്റം വരണം. എല്ലാ രംഗത്തും കാലത്തിനനുസരിച്ചുള്ള മാറ്റമുണ്ടാകണം. ജനങ്ങൾക്ക് വേണ്ടിയാവണം ഭരണവും നിയമങ്ങളും. അത്തരം ഒരു രാഷ്ട്രീയമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്നലെയാണ് അൻവർ ഡിഎംകെ നേതാക്കളെ കണ്ടത്. ചെന്നൈയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതിയ പാർട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.
ആഭ്യന്തരവകുപ്പുമായി കൊമ്പുകോര്‍ത്തതോടെയാണ് അന്‍വര്‍ സിപിഎമ്മുമായി അകലുന്നത്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുമിച്ച് ലക്ഷ്യമിട്ട് സ്വര്‍ണക്കടത്ത് അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയതോടെ നിലമ്പൂരിലെ ഈ സ്വതന്ത്ര എംഎല്‍എയെ ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിനും ബുദ്ധിമുട്ടായി. അച്ചടക്കം ലംഘിക്കരുതെന്ന സിപിഎം നിര്‍ദ്ദേശം അന്‍വര്‍ തള്ളിയതോടെ സിപിഎം കയ്യൊഴിഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന് പ്രസ്താവന ഇറക്കിയതോടെ യുഡിഎഫ് എന്‍ട്രിയും ബുദ്ധിമുട്ടായി. ഇതോടെയാണ് അന്‍വര്‍ ഡിഎംകെയിലേക്ക് തിരിഞ്ഞത്. അന്‍വര്‍ പ്രതിനിധീകരിക്കുന്ന നിലമ്പൂര്‍ മണ്ഡലം തമിഴ്നാടിനോട് ചേര്‍ന്നാണ്. ഇതാണ് ഡിഎംകെ ബന്ധം ആലോചിക്കാന്‍ കാരണം. വിളിച്ചുചേര്‍ത്ത രണ്ട് രാഷ്ട്രീയ പൊതുയോഗങ്ങളിലും ആളുകള്‍ ഒഴുകിയെത്തിയതാണ് അന്‍വറിനെ പ്രചോദിപ്പിക്കുന്നത്. ഒരു ലക്ഷം ആളുകളെ ഇന്നത്തെ യോഗത്തില്‍ എത്തിക്കുമെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അന്‍വറിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here