പാലക്കാട് അന്‍വറിന്റെ യുടേണ്‍; സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ

ഡിഎംകെയുടെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിവി അന്‍വര്‍. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കും. കണ്‍വന്‍ഷന്‍ നടത്തി നാടകീയമായാണ് അന്‍വറിന്റെ പ്രഖ്യാപനം. ഒരു ഉപാധിയുമില്ലാതെയാണ് പിന്തുണ.

കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്. വര്‍ഗീയതയെ തോല്‍പ്പിക്കേണ്ടത് ആവശ്യമാണ്. അതിനാണ് പിന്തുണ നല്‍കുന്നത്. രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണ്. ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിന്റെ അങ്ങേയറ്റമാണ് പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പകുതി കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നില്ല. പാലക്കാട്ടെ മുസ്ലീം വോട്ടര്‍മാര്‍ക്ക് യുഡിഎഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബിജെപിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടര്‍മാരെ കബളിപ്പിക്കുകയാണ്. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. എംഎം മിന്‍ഹാജിനെയാണ് ഡിഎംകെ പാലക്കാട്ടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. റോഡ് ഷോ നടത്തിയ ശേഷമാണ് അന്‍വര്‍ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത്.

ചേലക്കരയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ചേലക്കരയിലുള്ളത് പിണറായിസമാണ്. അതിനെ തടയാന്‍ എന്‍.കെ.സുധീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യു.ഡി.എഫിനോട് കെഞ്ചി പറഞ്ഞു. അപമാനിക്കുകയാണ് ചെയ്തത്. അതിനാല്‍ ചേലക്കരയില്‍ ഇനി ചര്‍ച്ചയില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top