അൻവർ പെയ്തൊഴിഞ്ഞു!! നിലമ്പൂരിൽ മത്സരത്തിന് ഇല്ലെന്ന് പ്രഖ്യാപിക്കുമ്പോൾ പകരം മനസിലെന്ത്?
ഒന്‍പതാണ്ട് ഇട്ടുനടന്ന എംഎല്‍എ കുപ്പായം പിവി അന്‍വര്‍ അഴിച്ചുവയ്ക്കുമ്പോള്‍ ഒരു യുഗാന്ത്യമായാകും ചിലര്‍ക്കെങ്കിലും തോന്നുക. പ്രത്യേകിച്ച് അന്‍വറിന്റെ ആരോപണ ശരങ്ങളേറ്റ് പിടഞ്ഞവര്‍ക്ക് വലിയ അളവില്‍ അശ്വാസവും ആകുന്നുണ്ട്. ഫയര്‍ ബ്രാന്‍ഡായി 2011ല്‍ അവതരിപ്പിക്കുകയും കടന്നല്‍ രാജയായി ആഘോഷിക്കുകയും ചെയ്ത അന്‍വര്‍ അവസാനം സിപിഎമ്മിനെതിരെ തന്നെ തിരിഞ്ഞതും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.
ആരേയും കൂസാതെയുള്ള അന്‍വറിന്റെ യാത്രയ്ക്ക് സിപിഎം പിന്തുണ ചെറിയ കാര്യമായിരുന്നില്ല. വിദേശത്ത് ബിസിനസുമായി മാസങ്ങളോളം നിലമ്പൂരില്‍ നിന്ന് വിട്ട് നിന്നപ്പോഴും അന്‍വറിനെ സിപിഎം വല്ലാതെ സംരക്ഷിച്ചു. അന്‍വറിന്റെ പ്രത്യുപകാരം രാഹുല്‍ ഗാന്ധിയെ പോലും മോശം വാക്കുകള്‍ കൊണ്ട് ആക്രമിച്ചായിരുന്നു. 201ല്‍ ഏറനാട്ട് സിപിഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സിപിഎം അവതരിപ്പിച്ചതാണ് പിവി അന്‍വറിനെ. അവിടെ കരുത്ത് കാട്ടിയതോടെ നിലമ്പൂരില്‍ 2016ല്‍ സീറ്റ് നല്‍കി. കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിയ നിലമ്പൂര്‍ അതോടെ ചുവന്നു. 2021ലും മിന്നും വിജയം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശത്രിുപക്ഷത്തായതോടെ രാഷ്ട്രീയ നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തിലായി അന്‍വര്‍.
പഴയ മിത്രം ശത്രുപാളയത്തില്‍ എത്തിയതോടെ സിപിഎമ്മും വെറുതേ ഇരുന്നില്ല. തമഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായി ചേരാനുളള അന്‍വറിന്റെ നീക്കത്തെ വെട്ടിയത് പിണറായി വിജയന്‍. ചേലക്കരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ യുഡിഎഫുമായും അകന്നു. രാഷ്ട്രീയമായ നിലനില്‍പ്പ് ഇല്ലാതിരുന്നപ്പോഴാണ് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിന്റെ പേരിലെ അറസ്റ്റും ജയില്‍വാസവും. ഇതോടെ വീണ്ടും സ്വീകാര്യത ലഭിച്ചതോടെ അതിവേഗത്തില്‍ തൃണമൂലില്‍ അംഗത്വം സ്വീകരിച്ചു. പിന്നാലെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയും ഇനി നിലമ്പൂരില്‍ മത്സരിക്കില്ലെന്ന പ്രഖ്യാപനവും.
യുഡിഎഫ് പ്രവേശനം തന്നെയാണ് അന്‍വറിന്റെ ലക്ഷ്യം. എന്നാല്‍ നിലമ്പൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് ജോയിയെ തന്റെ പിന്‍ഗാമിയായി മത്സരിപ്പിക്കണമെന്ന അന്‍വറിന്റെ പരസ്യ പ്രഖ്യാപനം ചര്‍ച്ചകളെ ബാധിക്കും എന്ന് ഉറപ്പാണ്. ഈ പ്രസ്താവനയില്‍ തട്ടി മുന്നണി പ്രവേശനം അടഞ്ഞാല്‍ എന്തുചെയ്യും അന്‍വര്‍ എന്നത് വലിയ ചോദ്യമായി അവശേഷിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here