അന്‍വര്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറിയെ കണ്ട് പരാതി നല്‍കും; ഗോവിന്ദന്റെ നിലപാട് നിര്‍ണായകമാകും
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആർ അജിത് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പി.വി.അൻവർ ഇന്ന് സിപിഎമ്മിന് പരാതി നല്‍കും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടുകണ്ടാണ് പരാതി നൽകുക. ഇന്നലെ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടശേഷം പ്രതികരിച്ച അന്‍വര്‍ ഒന്നാം ഘട്ട യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് തന്നെയാണ് ഗോവിന്ദനും നല്‍കുക. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പാര്‍ട്ടി തലത്തിലുള്ള നടപടിയാണ് അന്‍വറിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരെ സിപിഎമ്മിലെ ഒരു ലോബി ശക്തമായി നിലയുറപ്പിച്ചതിനാല്‍ ഇത്തരം പ്രശ്നങ്ങളില്‍ അന്‍വറിന് പാര്‍ട്ടിയില്‍ നിന്നും പിന്തുണയുണ്ട്.
അതേസമയം എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിക്ക് അന്‍വര്‍ നല്‍കിയ പരാതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അജിത് കുമാറിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. അതുകൊണ്ട് തന്നെ ഈ അന്വേഷണം ഫലപ്രദമാകുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
തൃശൂര്‍ പൂരം കുളമാക്കിയതിലും സ്വര്‍ണം പൊട്ടിക്കലിലും ഇതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിലും അജിത് കുമാറിന് പങ്കുണ്ടെന്ന് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെയും മന്ത്രിമാരുടെയും ഫോണ്‍ എഡിജിപി ചോര്‍ത്തുന്നു എന്ന ആരോപണംകൂടി ഉന്നയിച്ചതോടെ ഫലത്തില്‍ ആരോപണങ്ങളെല്ലാം ആഭ്യന്തരവകുപ്പിന് നേരെയായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ ആരോപണങ്ങള്‍ അവസാനിപ്പിക്കുന്നു എന്ന് അന്‍വര്‍ പ്രഖ്യാപിച്ചെങ്കിലും ഇവ സര്‍ക്കാരിനും സിപിഎമ്മിനുമുണ്ടാക്കിയ കോട്ടം ചെറുതല്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ അന്‍വര്‍ സൃഷ്ടിച്ച ഈ വലിയ പ്രതിസന്ധിയില്‍ നിന്നും സിപിഎമ്മിന് കരകയറുക എളുപ്പമല്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here