അന്‍വറിന്റെ മിന്‍ഹാജ് സഖാവായി; ചുങ്കത്തറിയില്‍ ഭരണം വീഴ്ത്തിയതിന് വിശ്വസ്തനെ പാളയത്തിലെത്തിച്ച് സിപിഎം മറുപടി

ഇടതുമുന്നണി വിട്ട് പുറത്തു വന്ന പിവി അന്‍വറിനൊപ്പം ആദ്യം മുതലുണ്ടായിരുന്ന മിന്‍ഹാജ് മെദാര്‍ സിപിഎമ്മില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ നാലു കോ- ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ് മിന്‍ഹാജ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മിന്‍ഹാജിനെ മത്സരിപ്പിക്കാനായിരുന്നു അന്‍വര്‍ നീക്കം നടത്തിയത്. പിന്നീട് കോണ്‍ഗ്രസുമായുള്ള ധാരണയെ തുടര്‍ന്നാണ് പിന്‍വാങ്ങിയത്.
അന്‍വറിനെതിരെ കടുത്ത ആരോപണം കൂടി ഉന്നയിച്ചാണ് മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നത്. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയിലേക്ക് ചേക്കേറും എന്ന് ഉറപ്പാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനാല്‍ ഇടത്് ചേരിക്കൊപ്പം ചേരുന്നതായും മിന്‍ഹാജ് വ്യക്തമാക്കി. തൃണമൂലിലെ സ്ഥാനങ്ങള്‍ രാജിവെച്ചതായും മിന്‍ഹാജ് പറഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് മിന്‍ഹാജിനെ സ്വീകരിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു സ്വീകരണം. മിന്‍ഹാജിന് പാര്‍ട്ടി എല്ലാ സംരക്ഷണവും ഒരുക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചു. ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിച്ച അന്‍വറിനുള്ള മറുപടിയാണ് മിന്‍ഹാജിനെ അടര്‍ത്തിയെടുത്ത് സിപിഎം നല്‍കിയിരിക്കുന്നത്.
മിന്‍ഹാജിന്റെ നീക്കം അന്‍വറിനും ക്ഷീണമാണ്. എല്‍ഡിഎഫ് വിട്ട അന്‍വര്‍ ഡിഎംകെ രൂപീകരിച്ചപ്പോള്‍ പാലക്കാട് ജില്ലാ സെക്രട്ടറിയായി. പിന്നീട് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ മിന്‍ഹാജും കൂടെപോയിരുന്നു. സമീപ ദിവസങ്ങളില്‍ പോലും അന്‍വറിനൊപ്പം പരപാടികളില്‍ പങ്കെടുത്ത പ്രധാന നേതാവ് വിട്ടു പോയതിന്റെ കാരണം അന്‍വര്‍ വ്യക്തമാക്കേണ്ട സാഹചര്യമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here