അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അത്ര ‘ഈസി’യല്ല; മുന്നണി മര്യാദ പാലിക്കണമെന്ന നിബന്ധന കര്‍ശനമാക്കും
പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിന് കൃത്യമായ നിബന്ധനകളും പെരുമാറ്റചട്ടങ്ങളും ഉള്‍പ്പെടുത്തുമെന്ന് മുതിര്‍ന്ന യുഡിഎഫ് നേതാവ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എല്‍ഡിഎഫില്‍ അന്‍വര്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടങ്ങളും തന്‍പോരിമയും വകവെച്ചു കൊടുക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ പൊതുധാരണ.
2011 -16 കാലത്ത് പിസി ജോര്‍ജ് യുഡിഎഫില്‍ സൃഷ്ടിച്ച കോലാഹലങ്ങളും അച്ചടക്കരാഹിത്യവും മുന്നണിയെ ആകമാനം പ്രതിസന്ധിയിലാക്കിയതാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെപ്പോലും അപമാനിക്കും വിധത്തിലുള്ള പെരുമാറ്റമായിരുന്നു ജോര്‍ജിന്റേത്. അന്‍വറിന്റെ കാര്യത്തില്‍ അത്തരമൊരു മുന്‍കരുതല്‍ അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുണ്ട്.
പി സി ജോര്‍ജിന്റേതിന് സമാനമായ രാഷ്ടീയ സ്വഭാവരീതികളാണ് അന്‍വറും പിന്തുടരുന്നത്. അതുകൊണ്ട് തന്നെ അന്‍വറിനെ മുന്നണിയിൽ ഉള്‍പ്പെടുത്തതില്‍ റിസ്‌ക് ഉണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഇടതു മുന്നണി വിട്ടശേഷം ദുര്‍ബലനായി നില്‍ക്കുന്ന അന്‍വറിനെ കൂടെ കൂട്ടിയാലുണ്ടാകുന്ന ഗുണദോഷങ്ങളെ കുറിച്ച് കൂടിയാലോചന വേണമെന്നാണ് കോണ്‍ഗ്രസിന്റേയും വി ഡി സതീശന്റേയും നിലപാട്.
2011 വരെ കോണ്‍ഗ്രസുകാരനായിരുന്ന അന്‍വര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ഇതിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മലബാർ കോൺഗ്രസിലെ മുസ്ലീം നേതാക്കളുടെ അഭാവം പരിഹരിക്കാൻ അൻവർ വന്നാല്‍ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. എന്നാൽ പ്രതിപക്ഷനേതാവ് സതീശന്‍ മനസ് തുറന്നിട്ടില്ല.
യുഡിഎഫിലോ കോണ്‍ഗ്രസിലോ അന്‍വറിനെ ഉള്‍പ്പെടുത്തുമ്പോള്‍ മലപ്പുറത്തേയും നിലമ്പൂരിലേയും രാഷ്ടീയ സമവാക്യങ്ങളിലും ചര്‍ച്ച ചെയ്ത് സമവായം കണ്ടെത്തേണ്ടി വരും. നിലമ്പൂര്‍ സീറ്റ് മോഹികളായവര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കണം. അന്‍വറിന്റെ രാഷ്ടീയ സ്വാധീനങ്ങള്‍ ഒറ്റയടിക്ക് തള്ളിക്കളയാനും കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയുന്നുമില്ല.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചതായി അന്‍വര്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സതീശന്‍ അടക്കം എല്ലാ നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ അന്‍വര്‍ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണില്‍ വിളിച്ച അന്‍വര്‍, അറസ്റ്റ് സമയത്ത് നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും. പിന്നാലെ മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് നീക്കം.
യുഡിഎഫില്‍ തനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവര്‍ത്തകന്‍ ആയാല്‍ മതിയെന്നുമാണ് ഏറ്റവും ഒടുവില്‍ അന്‍വറിന്റെ വാക്കുകള്‍. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നില്‍ക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടെ എന്നായിരുന്നു അന്‍വറിന്റെ ഇന്ന് പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here