യുഡിഎഫ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ സജീവമാക്കി അന്‍വര്‍; ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് വിഡി സതീശന്റെ ഗുഡ്ബുക്കില്‍ കയറാന്‍ ശ്രമം
വീണ് കിട്ടിയ അവസരം മുതലാക്കി യുഡിഎഫില്‍ കയറിപറ്റാന്‍ ശക്തമായ നീക്കം തുടങ്ങി പിവി അന്‍വര്‍. ഇന്നലെ ജയില്‍ മോചിതനായ ശേഷം യുഡിഎഫ് നേതാക്കള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അന്‍വര്‍ ഇന്ന് ഒരു പടി കൂടി കടന്ന് യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞു. ജനകീയ വിഷയത്തില്‍ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നിലമ്പൂര്‍ എംഎല്‍എ പ്രഖ്യാപിച്ചു.
മുന്നണി പ്രവേശനത്തെ എതിര്‍ത്തിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയടക്കം നിലപാടില്‍ മാറ്റം വന്നതോടെയാണ് അന്‍വര്‍ നീക്കം ശക്തമാക്കിയത്. പ്രതിപക്ഷ നേതാവുമായി അന്‍വര്‍ ഫോണില്‍ സംസാരിച്ചു. മറ്റ് നേതാക്കളെയെല്ലാം നേരില്‍ കാണാനാണ് അന്‍വറിന്റെ ശ്രമം. ഇതിനെല്ലാം മുസ്ലിം ലീഗിന്റെ പിന്തുണയും അന്‍വര്‍ ഉറപ്പാക്കിയിട്ടുണ്ട്. മരിച്ചു കൂടെ നില്‍ക്കും. ഒരു ഉപാധിയുമില്ല. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അന്‍വറിന്റെ പ്രതികരണം.
മനുഷ്യ വന്യമൃഗ സംഘര്‍ഷം അടക്കമുളള ജനകീയ വിഷയങ്ങളുമായി മുന്നോട്ടു പോകാനാണ് അന്‍വറിന്റെ തീരുമാനം. ഈ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ യുഡിഎഫ് പിന്തുണയും അന്‍വര്‍ ലക്ഷ്യമിടുന്നുണ്ട്. വന്യമൃഗശല്യത്തിന് എതിരായ പോരാട്ടം കേരളത്തില്‍നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നല്‍കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടതും ഇത് മുന്‍നിര്‍ത്തിയാണ്.
ആശങ്കയായി നില്‍ക്കുന്ന വനനിയമഭേദഗതിയും അന്‍വര്‍ ആയുധമാക്കുന്നുണ്ട്. യുഡിഎഫും ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിരാണ്. നിയമഭേദഗതി പാസായാല്‍ വനം ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറുമെന്നാണ് അന്‍വറിന്റെ ആരോപണം. കാര്‍ബണ്‍ പുറന്തള്ളുന്നത് കുറവുള്ള രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഫണ്ട് വരുന്നുണ്ട്. ഈ കാര്‍ബണ്‍ ഫണ്ട് അടിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥര്‍ വനംവിസ്തൃതി വര്‍ധിപ്പിക്കുന്നതെന്നും അന്‍വര്‍ ആരോപിക്കുന്നു.
ജനകീയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി യുഡിഎഫിനും തന്നെ അവഗണിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കാനാണ് അന്‍വറിന്റെ ശ്രമം. ഇത് വിജയിച്ചാല്‍ അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും. സ്വാഭാവികമായും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍വറിന് നിലമ്പൂര്‍ സീറ്റ് നല്‍കേണ്ടിയുംവരും. അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക കോണ്‍ഗ്രസിലാകും. ഇപ്പോള്‍ തന്നെ ഒന്നിലധികം സീറ്റ് മോഹികള്‍ നിലമ്പൂരിനായി സ്ഥാനാര്‍ത്ഥി കുപ്പായം തുന്നിയിട്ടുണ്ട്. അന്‍വര്‍ വന്നാല്‍ അവരുടെ എതിര്‍പ്പ് പൊട്ടിത്തെറിയായി മാറും എന്ന് ഉറപ്പാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here