അനധികൃത ഭൂമി ഇടപാട്: പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

പിവി അന്‍വറിനെതിരെ വിജിലന്‍സ് കേസ്. ആലുവയിലെ ഭൂമി ഇടപാടിന്റെ പേരിലാണ് പുതിയ കേസ്. അനധികൃതമായി പോക്കുവരവ് നടത്തി 11 ഏക്കര്‍ ഭൂമി സ്വന്തമാക്കി എന്ന പരാതിയിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രനാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉത്തരവ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന് കൈമാറി. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
നാലു മാസം മുമ്പ് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സര്‍ക്കാര്‍ ഒരു കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് ഇടപാട് നടന്നത്. ഈ ഭൂമിയുടെ ജാമ്യത്തില്‍ കമ്പനി വായ്പയും എടുത്തിരുന്നു. ഇത് അടച്ച് തീര്‍ക്കാന്‍ പ്രസ്തുത കമ്പനിക്ക് സാധ്യമാകാതെ വന്നതോടെയാണ് അന്‍വര്‍ ഭൂമി ഏറ്റെടുത്തത്. കോടികളും മൂല്യമുള്ള വസ്തുവാണ് അന്‍വര്‍ സ്വന്തമാക്കിയത്.
പാട്ട ഭൂമി എങ്ങനെ പോക്കുവരവ് നടത്തും, ഇതില്‍ അന്‍വര്‍ നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്നീ കാര്യങ്ങളിലാണ് അന്വേഷണം നടക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here