രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അധിക്ഷേപവുമായി പിവി അൻവർ; നെഹ്റു കുടുംബത്തിൽ ജനിച്ചെന്ന് പറയാൻ കഴിയില്ല; ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ
പാലക്കാട്: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അധിക്ഷേപവുമായി പിവി അൻവർ എംഎൽഎ. രാഹുൽ ഗാന്ധിയുടെ സിഎൻഎ പരിശോധിക്കണമെന്ന് പാലക്കാട് എടത്തനാട്ടുകരയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിക്കിടെ അൻവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനത്തിന് മറുപടിയായാണ് അൻവറിൻ്റെ അധിക്ഷേപം. പേരിനൊപ്പം ഗാന്ധി എന്ന പേര് ഉപയോഗിക്കാൻ യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറി. നെഹ്റു കുടുംബത്തിൽ ജനിച്ച ആളാണോ എന്ന് തന്നെ സംശയമുണ്ട് എന്നും അൻവർ പറഞ്ഞു.
“ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടിവിളിക്കാൻ അർഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുൽ മാറി. ഞാൻ മാത്രമല്ല ഇത് പറയുന്നത്. നെഹ്റു കുടുംബത്തിന്റെ ജെനറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക്അങ്ങനെ പറയാൻ കഴിയുമോ. എനിക്കതിൽ നല്ല സംശയമുണ്ട്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം. രാഹുൽ മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.” അൻവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ജയിലില്‍ അടയ്ക്കാത്തത് എന്തുകൊണ്ടാണ് എന്ന രാഹുലിൻ്റെ പ്രസംഗമാണ് കേരളത്തിലെ സിപിഎമ്മിനെ ചൊടിപ്പിച്ചത്. ബിജെപിയെ എതിർക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ലെന്നും കോഴിക്കോട്ട് തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം നേതാക്കൾ രാഹുലിനെതിരെ വ്യാപകമായി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് ഇപ്പോൾ അൻവറിൻ്റെ പരാമർശം വന്നിരിക്കുന്നത്.
അന്‍വറിന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നെഹ്‌റു കുടുംബത്തെയും രാഹുല്‍ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ചതിന് പോലീസ് അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ചാവേറായാണ് അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ ഈ അപമാന പ്രസംഗം സ്വയം പറയാതെ അന്‍വറിനെക്കൊണ്ട് മുഖ്യമന്ത്രി പറയിച്ചതാണെന്നും ഹസന്‍ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here