‘മുഖ്യമന്ത്രിയുടെ അപ്പൻ്റെ അപ്പൻ പരാമർശത്തിൽ മാപ്പ്’; അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് അൻവർ

മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് ഇന്ന് മാധ്യമങ്ങളോട് നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിവി അൻവർ. ‘മുഖ്യമന്ത്രിയുടെ അപ്പൻ്റെ അപ്പനായാലും മറുപടി പറയും’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. ഫെയ്സ്ബുക്ക് വഴിയാണ് എംഎൽഎ ക്ഷമാപണം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.പറ്റിയത് നാക്കു പിഴയാണ് എന്നാണ് വിശദീകരണം.

ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. മുഖ്യമന്ത്രിയോടും കുടുംബാംഗങ്ങളോടും അദ്ദേഹത്തിനോട് ചേർന്നു നിൽക്കുന്ന എല്ലാവരോടും മാപ്പ് പറയുന്നുവെന്ന് നിലമ്പൂർ എംഎൽഎ വിഡിയോയിൽ പറഞ്ഞു. മുഖ്യമന്ത്രിയും പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനമാണ് ഇന്ന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അൻവർ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയർത്തിയിരുന്നത്. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാനാണ്. വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു. പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടിയെന്നും അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും അൻവർ പറഞ്ഞു.

തമിഴ്നാട്ടിലെ ഡിഎംകെ നേതാക്കളുടെ അടയാളമായ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായിട്ടാണ് നിലമ്പൂർ എംഎൽഎ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. തൊഴിലാളി സമൂഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോർത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും നിലമ്പൂർ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക ബ്ലോക്കായി അൻവർ ഇന്നു മുതൽ  നിയമസഭയിൽ ഇരിക്കുന്നത്.

നിലമ്പൂർ എംഎൽഎയ്ക്ക് സീറ്റ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ നാലാംനിരയിലാണ് ഇരിപ്പിടം അനുവദിച്ചത്. അൻവറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കർ എഎൻ ഷംസീറിൻ്റെ നടപടി. ഇടതുപക്ഷവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ച സ്വതന്ത്ര അംഗത്തിന് പ്രതിപക്ഷനിരയിൽ നേരത്തേ സീറ്റ് അനുവദിച്ചിരുന്നു.എന്നാൽ അത് വേണ്ടെന്ന് സ്പീക്കറെ അറിയിക്കുകയായിരുന്നു. വേറെ ഇരിപ്പിടം അനുവദിച്ചില്ലെങ്കിൽ നിലത്തിരിക്കുമെന്നും അൻവർ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top