അകത്താക്കിയ അൻവർ പുറത്തേക്ക്; സർക്കാരിന് കോടതിയിൽ തിരിച്ചടി

ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചെന്ന കേസിൽ റിമാൻഡിലായ പിവി അൻവർ എംഎൽഎയ്ക്ക് ജാമ്യം. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. 50000 രൂപ ആൾ ജാമ്യമായും 35000 രൂപ പൊതുമുതൽ നശിപ്പിച്ചതിനും കെട്ടിവയ്ക്കണം. എല്ലാ വെള്ളിയാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണം. കേസിന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമാണ് ജാമ്യ വ്യവസ്ഥകൾ.

എംഎൽഎയെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷൻറെ ആവശ്യവും കോടതി തള്ളി. ഉത്തരവ് ജയിലിൽ എത്തിയാലുടൻ അൻവറിന് പുറത്തിറങ്ങാനാകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ എംഎൽഎയെ പുറത്തിറക്കുമെന്ന് സഹോദരൻ മുഹമ്മദ് റാഫിയും പ്രതികരിച്ചു. ജാമ്യം ലഭിച്ചതിന് പിന്നാലെ അൻവറിൻ്റെ പ്രതികരണവും വന്നിട്ടുണ്ട്. “പ്രിയപ്പെട്ടവരെ, ജാമ്യം ലഭിച്ചിരിക്കുന്നു. കൂടെ നിന്നവർക്ക് അഭിവാദ്യങ്ങൾ നേരിൽ കാണാം…….” എന്നായിരുന്നു അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

Also Read: അറസ്റ്റില്‍ താരമായി അന്‍വര്‍; യുഡിഎഫിലേക്ക് വഴി തെളിയുന്നു; മുൻപ് എതിർത്ത പ്രതിപക്ഷ നേതാവും പിന്തുണയുമായി രംഗത്ത്‌

കേസിൽ ഒന്നാം പ്രതിയായ എംഎൽഎയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തതിരുന്നത്. ഇന്നലെ രാത്രി രണ്ടരയോടെ പിവി അൻവറിനെ തവനൂർ സെൻട്രൽ ജയിലിലെത്തിച്ചു. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്തെന്നാണ് ആരോപണം.

Also Read: അൻവറിനൊപ്പം കത്തോലിക്ക സഭയും; കർഷകരെ ഇറക്കി പ്രതിരോധിക്കുമെന്ന് താമരശേരി ബിഷപ്പ്

അൻവർ ഉൾപ്പടെ 11 പേർക്ക് എതിരെയാണ് കേസെടുത്തിരുന്നത്. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതായും ആരോപണമുണ്ട്. ഇന്നലെരാത്രി ഒൻപതരയോടെ അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top