രാത്രിയിലെ അറസ്റ്റിന് വഴങ്ങി പി വി അൻവർ; ‘ജീവനോടെ തിരിച്ചെത്തിയാൽ കാണിച്ചുതരാം’

നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രകടനത്തിലുണ്ടായ അക്രമത്തിൻ്റെ പേരിൽ രാത്രി വീടു വളഞ്ഞ് നാടകീയമായി പി വി അൻവർ എംഎൽഎയെ പോലീസ് അറസ്റ്റുചെയ്തു. ആദിവാസി യുവാവിനെ ആന ആക്രമിച്ചു കൊന്നതിൽ പ്രതിഷേധിച്ച് രാവിലെ ഡിഎഫ്ഒ ഓഫീലേക്ക് നടത്തിയ പ്രകടനത്തിലാണ് അക്രമം ഉണ്ടായത്.

അൻവർ അടക്കം 11 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ ചിലരെയെല്ലാം പകൽ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രാത്രി എട്ടുമണി മുതൽ പോലീസ് സംഘങ്ങൾ അൻവറിൻ്റെ വീടിൻ്റെ പരിസരങ്ങളിലേക്ക് എത്തിതുടങ്ങി. പിന്നാലെ നിലമ്പൂർ ഡിവൈഎസ്പിയും സ്ഥലത്തെത്തി. ഒൻപത് മണിയോടെ വീട് വളഞ്ഞ് വൻ പോലീസ് സന്നാഹമായി.

അറസ്റ്റിനുള്ള നീക്കമാണെന്ന് വ്യക്തമായതോടെ അൻവറിൻ്റെ അനുയായികളുടെ വൻ സംഘവും തടിച്ചുകൂടി. പോലീസിനെതിരെ പ്രതിരോധം ഉയരുമെന്ന പ്രതീതി ഉണ്ടായെങ്കിലും നിയമബോധമുള്ള പൊതു പ്രവർത്തകനെന്ന നിലയിൽ താൻ അറസ്റ്റിന് വഴങ്ങുകയാണെന്ന് അൻവർ പ്രഖ്യാപിച്ചു. ഇതോടെ രംഗം തണുത്തു.

Also Read: കുഴൽനാടൻ്റെ അറസ്റ്റിൻ്റെ തനിയാവർത്തനം; 2024 മാർച്ചിൽ മാത്യുവിനെ കുരുക്കിയതും ഫോറസ്റ്റിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ; അൻവറിന് ജാമ്യമില്ല

വന്യജീവി ശല്യത്തിനെതിരെ തൻ്റെ നേതൃത്വത്തിൽ ഉയരാനിടയുള്ള പ്രതിഷേധത്തെ അടിച്ചമർത്താനാണ് നീക്കമെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പിണറായിയും പി ശശിയും ഇത് മുൻപേ പ്ലാൻ ചെയ്യുന്നതാണ്. ജയിലിൽ തന്നെ അപായപ്പെടുത്തിയേക്കും. ജീവനോടെ തിരിച്ചെത്തിയാൽ കാണിച്ചുതരാമെന്നും അൻവർ മുന്നറിയിപ്പ് നൽകി.

മാധ്യമങ്ങളോട് ഇങ്ങനെ സംസാരിക്കുമ്പോൾ പോലീസ് ഇടപെട്ട് തടസപ്പെടുത്താൻ ശ്രമിച്ചു. വൈകാതെ പോലീസിനൊപ്പം ഇറങ്ങിയ അൻവറിനെയും വഹിച്ച് പോലീസ് വാഹനം 9.40ഓടെ പുറപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. അതിനാൽ തന്നെ ജാമ്യം കിട്ടാനിടയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top