അൻവർ സഖാവല്ലാതായി; കാര്യകാരണ സഹിതം വിശദീകരിച്ച് പിണറായി

ആഭ്യന്തര വകുപ്പിനും എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ അവകാശപ്പെട്ടത് താനൊരു സഖാവാണ് എന്നാണ്. തൻ്റെ പരാതി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ച ശേഷം ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളോടും പറഞ്ഞിരുന്നു. സഖാവെന്ന നിലക്കുള്ള ഉത്തരവാദിത്തം കൊണ്ടാണ് ഈ വിഷയത്തിലേക്ക് ഇറങ്ങിയത്. സഖാവ് എന്നനിലയിൽ കാര്യങ്ങൾ മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും ശ്രദ്ധയിൽപ്പെടുത്തി എന്നായിരുന്നു അൻവറിൻ്റെ അവകാശവാദം. എന്നാൽ അതിനെ തള്ളുന്ന പ്രതികരണമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് നടത്തിയത്.


“താനൊരു ഒരു പാര്‍ട്ടിക്കാരനാണെന്നും കമ്മ്യൂണിസ്റ്റ് എംഎല്‍എ ആണെന്നുമുള്ള ബോധം അന്‍വറിനുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പ്രശ്‌നം പാര്‍ട്ടിയുടെയും മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലും പെടുത്തണമായിരുന്നു. അതിന് ശേഷമായിരുന്നു പരസ്യ നടപടികളിലേക്ക് സാധാരണ നിലയില്‍ പോകേണ്ടത്. സാധാരണ നിലയില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കേണ്ട നടപടിയല്ല അദ്ദേഹം സ്വീകരിച്ചത് ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വര്‍. അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണ്…”- മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


അതേസമയം ആഭ്യന്തര വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചശേഷവും താനൊരു അടിയുറച്ച ഇടതുപക്ഷ പ്രവർത്തകനാണ് എന്ന രീതിയിൽ ഫെയ്സ്ബുക്കിൽ അൻവർ പോസ്റ്റിട്ടിരുന്നു. “പിവിഅൻവർ എന്ന എന്നെ, ഞാൻ ആക്കി മാറ്റിയ പ്രസ്ഥാനം. പാർട്ടി അംഗത്വമില്ല. പക്ഷേ, സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഈ ഞാനുമുണ്ട്‌. മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും” – പിവി അൻവർ കുറിച്ചിരുന്നു.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുമായുണ്ടായ വിയോജിപ്പുകളെ തുടർന്ന് ഏറനാട് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. പിന്നീട് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർ നിലമ്പൂരില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയായായി. കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തുകയും ചെയ്തു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായി നിലമ്പൂർ മണ്ഡലം നിലനിര്‍ത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top