വീണ്ടും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി എഫ്ബി പോസ്റ്റ്; എല്ലാം പറഞ്ഞ് കോംപ്ലിമെൻ്റ്സാക്കിയെന്ന് അൻവർ

ഇതുവരെ താൻ ചെയ്തതിൽ കുറ്റബോധമില്ലെന്ന് വെളിവാക്കി നിലമ്പൂർ എംഎൽഎ പി.വി.അൻവർ. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിൻ്റെ നിഴലിലാക്കിയ തൻ്റെ ആരോപണങ്ങളിൽ ഉറച്ച് നിന്നുകൊണ്ടാണ് ഇടത് എംഎൽഎയുടെ പിൻമാറ്റം. അൻവർ നടത്തിയത് അച്ചടക്ക ലംഘനമാണ് എന്ന് പാർട്ടിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടും അതിനെ മുഖവിലക്കെടുക്കാതെയാണ് സോഷ്യൽ മീഡിയവഴിയുള്ള പുതിയ പ്രഖ്യാപനം.

പാർട്ടിക്ക് വിധേയനാണ് എന്ന് പറയുന്ന അൻവർ സിപിഎം തനിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളെ തള്ളി താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നാണ് പിൻമാറ്റത്തിലും വ്യക്തമാക്കുന്നത്. പാർട്ടി ഏറ്റെടുത്ത് നടത്തേണ്ട പ്രവർത്തനം താൻ ഒറ്റയ്ക്ക് ചെയ്തെന്ന അവകാശവാദവും ഇടത് എംഎൽഎ ഉന്നയിക്കുന്നുണ്ട്. തല്ക്കാലം ഇടതുപാളയത്തിൽ നിന്നും ഇറങ്ങില്ലെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് പുറത്തിറക്കിയ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനക്ക് തുല്യമായ കുറിപ്പാണ് അൻവർ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റിൻ്റെ വാർത്താക്കുറിപ്പിനെതിരെ വ്യാപക വിമർശനം ഉയർന്നപ്പോഴാണ് അൻവർ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ന് പാർട്ടി പുറത്തിറക്കിയ നിലപാട് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നതാണ് എന്ന് വരുത്തി തീർത്ത് അൻവറിന് പിന്തുണ നൽകാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് പാർട്ടിയിൽ തന്നെ വിമർശനമുയർന്നിരുന്നു എന്നാണ് സൂചനകൾ. 

മുഖ്യമന്ത്രിയെ തള്ളി കാര്യകാരണങ്ങൾ എണ്ണിപ്പറഞ്ഞ് വിശദീകരിച്ച എംഎൽഎ ഇപ്പോൾ താൻ പാർട്ടി നിലപാടിനൊപ്പമാണ് എന്ന് ആവർത്തിക്കുകയും ചെയ്യുന്നു. തൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു. പാർട്ടി തന്നോടോപ്പമാണ് എന്ന ആത്മവിശ്വാസവും ഇടത് എംഎൽഎ പങ്കുവയ്ക്കുന്നു. ഇത് യഥാർത്ഥത്തിൽ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത് സിപിഎം അണികളിലാണ്. അൻവറിനെ എതിർത്ത സൈബർ സഖാക്കളടക്കം പുതിയ നിലപാടിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സിപിഎം എന്ന കേഡർ പാർട്ടിയെ അടിമുടി  പ്രതിരോധത്തിലും ആശയക്കുഴപ്പത്തിലുമാക്കാനും നിലമ്പൂർ എംഎൽഎയ്ക്ക് കഴിയുന്നുണ്ട് എന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആരോപണങ്ങളെ എതിർത്തവരും നിശബ്ദരായവരും ഇപ്പോൾ അദ്ദേഹത്തിനെ വാഴ്ത്തിപ്പാടുകയാണ് എന്നതാണ് ഏറ്റവും പുതിയ അവസ്ഥ.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

സിപിഎം  സംസ്ഥാന സെക്രട്ടേറിയേറ്റിനോട്‌,ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോട്‌, പൊതുസമൂഹത്തിനോട്‌

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ.ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളിൽ ഇടപെട്ടിരുന്നത്‌. എന്നാൽ, ഇത്‌ സാധാരണക്കാരായ പാർട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത്‌ നടത്തേണ്ടി വന്ന പ്രവർത്തനമാണ്. പോലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്‌. അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല,പിന്നോട്ടുമില്ല.

വിഷയങ്ങൾ സംബന്ധിച്ച്‌ സർക്കാരിന് നൽകിയ പരാതിയിന്മേൽ സർക്കാർ പല അടിയന്തര നടപടികളും സ്വീകരിച്ചതിൽ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്.എന്നാൽ കുറ്റാരോപിതർ തൽസ്ഥാനത്ത്‌ തുടരുന്നതിനോട്‌ അന്നും,ഇന്നും വിയോജിപ്പുണ്ട്‌. അത്‌ പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്‌.

ഈ നാട്ടിലെ സഖാക്കളെയും, പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്‌. ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്‌.അത്‌ എന്റെ പ്രിയപ്പെട്ട പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട്‌ എന്ന ബോധ്യമെനിക്കുണ്ട്‌.മറ്റ്‌ വഴികൾ എനിക്ക്‌ മുൻപിൽ ഉണ്ടായിരുന്നില്ല.അക്കാര്യത്തിൽ നിങ്ങൾ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.

“വിഷയങ്ങൾ സംബന്ധിച്ച്‌ വിശദമായി എഴുതി നൽകിയാൽ അവ പരിശോധിക്കും” എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ്‌ എം.വി.ഗോവിന്ദൻ മാസ്റ്റർ അറിയിച്ചിരുന്നു.വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നൽകിയിട്ടുണ്ട്‌. ഇക്കാര്യത്തിൽ സമയബന്ധിതമായി വേണ്ട പരിശോധനകൾ ഉണ്ടാകുമെന്ന് അദ്ദേഹം “ഇന്നും” വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

വിവാദ പോലീസ്‌ ഉദ്യോഗസ്ഥന്റെ ആർഎസ്‌എസ്‌ സന്ദർശനത്തിൽ തുടങ്ങി,തൃശൂർർപൂരം മുതൽ വർഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെ സഹായിച്ചത്‌ വരെയും, സ്വർണക്കള്ളക്കടത്ത്‌ അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാൻ ഉയർത്തിയത്‌. ഇക്കാര്യത്തിൽ “ചാപ്പയടിക്കും, മുൻ വിധികൾക്കും” (എങ്ങനെ വേണമെങ്കില്ലും വ്യാഖ്യാനിക്കാം) അതീതമായി നീതിപൂർവ്വമായ പരിശോധനയും നടപടിയും ഈ പാർട്ടി സ്വീകരിക്കും എന്ന് എനിക്ക്‌ ഉറപ്പുണ്ട്‌.

ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം.ഈ ചേരിക്ക്‌ മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് സിപിഎം. ഈ പാർട്ടിയോട്‌ അങ്ങേയറ്റത്തെ വിശ്വാസമുണ്ട്‌.നൽകിയ പരാതി, പാർട്ടി വേണ്ട രീതിയിൽ പരിഗണിക്കുമെന്നും, ചില പുഴുക്കുത്തുകൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കും എന്നും എനിക്ക്‌ ഉറപ്പുണ്ട്‌. ഇക്കാര്യങ്ങൾ എല്ലാം പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്‌.

പി.വി.അൻവർ ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നിൽക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തിൽ നിരാശരായേ മതിയാവൂ. ഈ പാർട്ടിയും വേറെയാണ്,ആളും വേറേയാണ്. ഞാൻ നൽകിയ പരാതികൾക്ക്‌ പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്‌. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ,ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകൻ എന്ന നിലയിൽ എന്റെ പാർട്ടി നൽകിയ നിർദ്ദേശം ശിരസ്സാൽ വഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.

“ഈ വിഷയത്തിൽ പരസ്യ പ്രസ്താവന ഈ നിമിഷം മുതൽ ഞാൻ താത്ക്കാലികമായിഅവസാനിപ്പിക്കുകയാണ്”. എന്റെ പാർട്ടിയിൽ എനിക്ക്‌ പൂർണ്ണവിശ്വാസമുണ്ട്‌. നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്‌. പാർട്ടിയാണ് എല്ലാത്തിനും മുകളിൽ.

സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറ.

സഖാക്കളേ നാം മുന്നോട്ട്‌..

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top