തോക്ക് വേണമെന്ന് അൻവർ; വെളിപ്പെടുത്തലിന് പിന്നാലെ ജീവന് ഭീഷണി

പോലീസിലെ ഉന്നതർക്ക് സ്വർണക്കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന തുടർച്ചയായ ആരോപണങ്ങൾക്ക് പിന്നാലെ തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് പി.വി. അൻവർ എംഎൽഎ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ ഇന്നും ഗുരുതരമായ ആരോപണങ്ങള്‍ ഭരണകക്ഷി എംഎൽഎ ഉയർത്തിയിരുന്നു. പിന്നാലെ തോക്ക് ലൈസന്‍സിനു വേണ്ടി മലപ്പുറം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നൽകി. കളക്ടറുടെ ചേബംറിൽ നേരിട്ടെത്തിയാണ് അപേക്ഷ കൈമാറിയത്.

എഡിജിപി അജിത് കുമാറിന് സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. മുജിബ് എന്നയാളാണ് പോലിസ് ഉന്നതന്‍റെ പ്രധാന കൂട്ടാളി. എഡിജിപി നേതൃത്വം നൽകുന്ന സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലെയും ഫോൺ ചോർത്തി എന്നാണ് അൻവർ ഇന്ന് വെളിപ്പെടുത്തിയത്. തിരുവനന്തപുരം കവടിയാറിൽ കൊട്ടാരതുല്യമായ ആഡംബര ബംഗ്ലാവും അജിത് കുമാർ നിർമിക്കുന്നുണ്ടെന്നും നിലമ്പൂർ എംഎൽഎ ആരോപിച്ചു.

കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിനെയും പ്രതിസന്ധിയിലാക്കുന്ന നിരവധി വെളിപ്പെടുത്തലുകളും പി.വി.അൻവർ നടത്തിയിരുന്നു. മുഖ്യമന്ത്രി പറയുന്നതല്ല പോലീസ് അനുസരിക്കുന്നത്. അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാജയമാണ്. ശശിയും അജിത് കുമാറും മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുകയാണ്. മന്ത്രിമാരുടേയും മാധ്യമ പ്രവർത്തകരുടേയും ഫോണുകൾ എഡിജിപി ചോർത്തി എന്നും ഇടത് എംഎൽഎ ആരോപിച്ചിരുന്നു.

എം.ആർ.അജിത് കുമാർ കൊടും കുറ്റവാളിയാണെന്നും അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ആണ് അദ്ദേഹത്തിൻ്റെ റോൾമോഡൽ. സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ള പത്തനംതിട്ട എസ്പി സുജിത് ദാസും പോലിസിനെ ഉപയോഗിച്ച് സ്വർണം തട്ടിയെടുക്കുന്നതിൽ പങ്കാളിയാണ്. എഡിജിപിയും എസ്പിയും ഉടൻ ജയിലിൽ ആകുമെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞിരുന്നു.

അതേസമയം, അൻവറിൻ്റെ വെളിപ്പെടുത്തൽ പോലീസിലെ ഏറ്റവും ഉന്നതൻ അന്വേഷിക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പോലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളത്തിൻ്റെ സമാപന ചടങ്ങിലായിരുന്നു ആരോപണ വിധേയരുടെ പേരെടുത്ത് പറയാതെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. അച്ചടക്ക ലംഘനം സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തൻ്റെ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് അൻവറിൻ്റെ ആവശ്യം. എഡിജിപിയെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന ആവശ്യവുമായി നാളെ മുഖ്യമന്ത്രിയെ കാണാനാണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top