ബംഗാൾ പാർട്ടികൾ യുഡിഎഫിന് പണിയാകുമോ… അൻവർ എത്തിയാൽ ‘കീരിയും പാമ്പും ഒരു മാളത്തിൽ’!! വർഗശത്രുക്കളുടെ മുന്നണി സഹകരണത്തിന് കളമൊരുങ്ങുന്നു!!
ഇടത് മുന്നണി വിട്ട ശേഷം വീണ്ടും നാടകീയ നീക്കവുമായി പിവി അൻവർ. ബംഗാളിലെ ഭരണ പാർട്ടിയും വിശാല പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖ പാർട്ടിയുമായ തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. അതിന് മുന്നോടിയായി എംഎൽഎ സ്ഥാനവും അൻവർ ഇന്ന് രാജിവച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജനും സിപിമ്മുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഇടത് സ്വതന്തനായ അൻവർ മുന്നണി ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീട് തമിഴ്നാട്ടിലെ ഭരണകക്ഷിയും ഇൻഡ്യ സഖ്യത്തിലെ പ്രധാന പാർട്ടികളിലൊന്നുമായ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേരാൻ അദ്ദേഹം ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും തമ്മിലുള്ള അടുത്ത ബന്ധമാണ് തൻ്റെ നീക്കങ്ങൾക്ക് വിലങ്ങുതടിയതെന്നാണ് അൻവർ അടക്കം ആരോപിച്ചിരുന്നു.
അൻവറിൻ്റെ ഭാവി ഇനിയെന്തെന്ന ചർച്ചകൾ ഉയരുന്നതിന് ഇടയിലാണ് എവരെയും ഞെട്ടിച്ചു കൊണ്ട് തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാനുളള അൻവറിൻ്റെ നീക്കം വരുന്നത്. പിണറായി – സിപിഎം വിരുദ്ധതയുള്ള ആളാണ് അൻവർ എന്നാണ് ഇടത് കേന്ദ്രങ്ങൾ തന്നെ പ്രചരിപ്പിക്കുന്നത്. ഇതിനിടയിലാണ് ഇന്ത്യയിലെ കടുത്ത സിപിഎം വിരുദ്ധ പാർട്ടികളിൽ ഒന്നായ മമതാ ബാനർജിയുടെ പാർട്ടിയിലേക്ക് ചേക്കേറാൻ അൻവർ തീരുമാനിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇൻഡ്യ സഖ്യം പൊളിഞ്ഞത് കോൺഗ്രസ് സിപിഎമ്മിന് വേണ്ടി വാദിച്ചത് കൊണ്ടായിരുന്നു. ടിഎംസി ഒറ്റയ്ക്ക് മത്സരിക്കുകയും മികച്ച വിജയം നേടാനും കഴിഞ്ഞിരുന്നു. എന്നാൽ സിപിഎമ്മും കോൺഗ്രസും സംസ്ഥാനത്ത് വട്ടപൂജ്യമായി.
അടിമുടി സിപിഎം വിരുദ്ധത തൻ്റെ നിലപാടായി പ്രഖ്യാപിച്ചിട്ടുള്ള ദീദിയുടെ പാർട്ടിയിലേക്കാണ് അൻവർ എത്തിയിരിക്കുന്നത്. സിപിഎം വിരുദ്ധതയ്ക്കൊപ്പം കടുത്ത ബിജെപി വിരുദ്ധ കൂടിയാണ് മമത. അൻവറും തൻ്റെ പ്രധാന നിലപാടുകളിൽ ഒന്ന് ബിജെപിക്കെതിരായ പോരാട്ടമാണ് എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎമ്മിനും പിണറായി വിജയനുമെതിരെ പരസ്യ യുദ്ധപ്രഖ്യാപനവും അൻവർ നേരത്തേ നടത്തി കഴിഞ്ഞു. ഒരേ സമയം ബിജെപി യേയും ശക്തമായി എതിർക്കുന്ന മമത കേരളത്തിൽ അതേ നിലപാടുള്ള ഒരാളുമായി കൈകോർക്കുന്നുവെന്ന പ്രത്യേകതയും അൻവറിൻ്റെ ടിഎംസി പ്രവേശത്തിനുണ്ട്.
അൻവറിനെ യുഡിഎഫിൽ എടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ യുഡിഎഫ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അൻവറിന് വേണ്ടി വാതിൽ തുറന്നോ, അടച്ചോ ഇട്ടിട്ടില്ലെന്നായിരുന്നു എംഎൽഎയുടെ രാജിക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പ്രതികരണം. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം ഇന്ന് പറഞ്ഞു. അതായത് അൻവർ യുഡിഎഫിൻ്റെ ഭാഗമായാൽ പരസ്പരം ശത്രു മുന്നണിയിൽ നിൽക്കുന്ന രണ്ട് പാർട്ടികൾ കേരളത്തിൽ ഒരു സഖ്യത്തിൻ്റെ ഭാഗമാകും അപൂർവ്വതയ്ക്കും അത് കാരണമാകും.
2016 നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു 35 കൊല്ലത്തെ എൽഡിഎഫുമായുള്ള സഹകരണം അവസാനിച്ച് ഇടത് പാർട്ടിയായ ഫോർവേഡ് ബ്ലോക്ക് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ബംഗാളിൽ സിപിഎം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ഇടത് പാർട്ടിയാണ് ഫോർവേഡ് ബ്ലോക്ക്. ബിജെപി വിരുദ്ധതയ്ക്ക് ഒപ്പം തൃണമൂൽ കോൺഗ്രസ് വിരുദ്ധതയും മുഖമുദ്രയാക്കിയ പാർട്ടിയെ തിരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക ഘടകകക്ഷിയായി പ്രഖ്യാപിച്ചു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജൻ നിലവിൽ യുഡിഎഫ് ഉന്നതാധികാര സമിതി അംഗമാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ ഫാസിസത്തിനും ബംഗാളിൽ മമതാ ബാനർജിയുടെ ഫാസിസത്തിനും എതിരെ ഒരുപോലെ പോരാടുന്ന പാർട്ടി എന്നാണ് ദേവരാജൻ സ്വന്തം പാർട്ടിയെപ്പറ്റി അവകാശപ്പെടുന്നത്. സിപിഎമ്മിനെ പോലെ മമതാ ബാനർജിയെ വർഗശത്രുവായി പ്രഖ്യാപിച്ച ദേവരാജനും പാർട്ടിയുമുള്ള മുന്നണിയിലേക്കാണ് മമതയുടെ മേൽവിലാസത്തിൽ അൻവർ കടന്നു ചെല്ലുന്നത് എന്നത് തന്നെയാണ് മറ്റൊരു കൗതുകം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here