സിപിഎമ്മിന് ഇതാദ്യ അനുഭവം; കണ്ണിലെ കരടായി അൻവർ ഇനിയെത്ര നാൾ; രാജി വയ്ക്കില്ലെന്ന് പ്രഖ്യാപനം മാത്രം പാർട്ടിക്ക് ആശ്വാസം
കഴിഞ്ഞ 60 വർഷത്തിനിടയിൽ സിപിഎം നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധിയിലേക്കാണ് പിവി അൻവർ എംഎൽഎ പാർട്ടിയെ തളളിവിട്ടിരിക്കുന്നത്. 1964ൽ രൂപീകരിച്ച സിപിഎമ്മിൻ്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു എംഎൽഎയും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ഈവിധം സിപിഎമ്മിനെ വെല്ലുവിളിച്ച ചരിത്രമില്ല.
താൻ സാധാരണ പാർട്ടി പ്രവർത്തകർക്കൊപ്പം ആണെന്ന് പറയുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചുകീറാൻ ഒട്ടും മടികാണിച്ചില്ല. പിണറായി വിജയനെപ്പോലെ അതിശക്തനായ നേതാവിനെ നേർക്കുനേരെയാണ് അൻവർ വെല്ലുവിളിച്ചിരിക്കുന്നത്. ഇനി സിപിഎം പാർലമെൻ്ററി പാർട്ടിയിലേക്കില്ല എന്ന് അൻവർ തുറന്ന് പറഞ്ഞതോടെ എട്ടു വർഷത്തെ ബന്ധമാണ് അവസാനിച്ചത്. പിണറായി എന്ന സൂര്യൻ കെട്ടുപോയി എന്ന് അൻവർ പറഞ്ഞതോടെ ആർക്ക് നേരെയാണ് തൻ്റെ യുദ്ധപ്രഖ്യാപനമെന്ന് കൃത്യമായും വ്യക്തമായും അൻവർ പറഞ്ഞു.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം, പിണറായി അവസാന സിപിഎം മുഖ്യമന്ത്രി, പാർട്ടിയിൽ റിയാസ് മാത്രം മതിയോ? ഒരാൾക്ക് വേണ്ടി പാർട്ടി സംവിധാനത്തെ തകർക്കുന്നു, എഡിജിപി അജിത്ത് കുമാർ മുഖ്യമന്ത്രിയെ അങ്കിൾ എന്നാണ് വിളിക്കുന്നത്, പാർട്ടിയിലെ ഉന്നതർക്ക് എന്ത് അഴിമതിയും നടത്താം, സിപിഎമ്മിൽ അടിമത്തം, ശിവശങ്കറും സ്വപ്നയും സെക്രട്ടറിയേറ്റിന് കീഴെയിരുന്ന് സ്വർണക്കടത്ത് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേ… എന്നിങ്ങനെ നിരവധി അനവധി ചോദ്യങ്ങളാണ് അൻവർ പൊതുസമൂഹത്തിലേക്ക് എറിഞ്ഞത്.
തൃശൂർ പൂരം കലക്കിയതിൻ്റെ നേട്ടം ആർക്കാണ്, ആർക്കു വേണ്ടിയാണ് നടത്തിയതെന്ന് അറിയാമല്ലോ എന്നൊക്കെ പറഞ്ഞത് മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് മാത്രമാണ്. തൻ്റെ നിലപാടുകൾ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് അൻവർ പറഞ്ഞത്. ഏതായാലും പിണറായിക്കെതിരെ നടത്തിയ യുദ്ധപ്രഖ്യാപനത്തിനെതിരെ ഉറച്ചൊന്ന് മറുപടി പറയാൻ പോലും കരുത്തില്ലാത്ത അവസ്ഥയിലാണ് നിലവിൽ സിപിഎം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here