ഗോളടിക്കാൻ പിവി അൻവർ; അയോഗ്യത വരുംമുമ്പേ രാജിക്ക് നീക്കം; നാളെ നിർണായകം

തൃണമൂൽ കോൺഗ്രസിൽ ചേർന്നതിൻ്റെ പേരിൽ അയോഗ്യത വരാനുള്ള സാധ്യത മുന്നിൽകണ്ട് രാജിക്ക് നീക്കം തുടങ്ങി പിവി അൻവർ എംഎൽഎ. രാവിലെ ഒമ്പതിന് സ്പീക്കറെ കാണുമെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. 9.30ന് മാധ്യങ്ങളെ കാണുമെന്ന് വൈകിട്ടോടെ അറിയിച്ചിരുന്നു. ഇത് രാജി പ്രഖ്യാപിക്കാൻ ആണെന്ന സൂചനകൾ നിലനിൽക്കെ ആണ് അതിന് മുമ്പേ സ്പീക്കറെ കാണുമെന്ന വിവരം അൽപം മുമ്പ് പുറത്ത് വിട്ടിരിക്കുന്നത്.
സ്വതന്ത്രനായി വോട്ടുപിടിച്ച് ജയിച്ച ശേഷം ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോഗ്യത വരുമെന്നും, തൃണമൂൽബന്ധം പുറത്തുവിട്ടതിലൂടെ അൻവർ വെട്ടിലായെന്നും മാധ്യമ സിൻഡിക്കറ്റ് രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. 2017ൽ ജെഡിയു നേതൃത്വത്തിലിരിക്കെ, നിധീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞ് ഒരു ആർജെഡി റാലിയിൽ പങ്കെടുത്തതോടെയാണ് ശരദ് യാദവിൻ്റെ രാജ്യസഭാംഗത്വം നഷ്ടപ്പെട്ടത്. ഇവിടെ തൃണമൂലിൻ്റെ സംസ്ഥാന കോർഡിനേറ്റർ സ്ഥാനം ഏറ്റെടുക്കുന്ന വിവരം അൻവർ തന്നെ പുറത്തുവിട്ടിരിക്കെ, സിപിഎം പരാതി നൽകിയാൽ സമാന അവസ്ഥ ഉണ്ടാകുമെന്നും മാധ്യമ സിൻഡിക്കറ്റ് ചൂണ്ടിക്കാട്ടിയിരുന്നു.
നാളെ രാവിലെ മാധ്യമങ്ങളെ കാണുമെന്ന് വൈകിട്ട് ഫെയ്സ്ബുക്കിലൂടെ ആണ് പിവി അൻവർ അറിയിച്ചത്. വിശദമായ നിയമോപദേശം തേടിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ രാജിക്കുള്ള ആലോചനകൾ ഗൗരവമായി നടത്തുന്നുണ്ട്. സിപിഎം എന്നല്ല, കൂറുമാറ്റം ഉന്നയിച്ച് ആരു പരാതി നൽകിയാലും പണിയാകുമെന്ന തിരിച്ചറിവിൽ ആണ് ഉടനടി രാജി എന്ന തരത്തിലേക്ക് ആലോചനകൾ എത്തി നിൽക്കുന്നത്.
അൻവർ രാജി വയ്ക്കുമ്പോൾ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് ഉറപ്പാണ്. അൻവർ വീണ്ടും മത്സരിക്കാൻ തന്നെയാണ് സാധ്യത. ഈ സാഹചര്യത്തിൽ യുഡിഎഫ് പിന്തുണ നൽകുമോ എന്നാണ് അറിയാനുള്ളത്. ഫോറസ്റ്റ് സ്റ്റേഷൻ ആക്രമണത്തിൻ്റെ പേരിൽ അറസ്റ്റിൽ ആയതിനു പിന്നാലെ അൻവറിനെ സ്വീകരിക്കാം എന്ന തരത്തിൽ യുഡിഎഫിൽ ആലോചനകൾ സജീവമായിരുന്നു. അതിനിടയിലാണ് തൃണമൂൽ ബന്ധവുമായി അൻവർ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here