വിഡി സതീശൻ 150 കോടി കൈപ്പറ്റിയെന്ന അന്‍വറിന്റെ ആരോപണത്തില്‍ കേസെടുക്കണം; വിജിലന്‍സ് കോടതിയില്‍ പരാതി; നാളെ രാവിലെ 11ന് പരിഗണിക്കും
തിരുവനന്തപുരം: മത്സ്യ കണ്ടെയ്‌നര്‍ വഴി കടത്തിക്കൊണ്ട് വന്ന 150 കോടി രൂപ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൈപ്പറ്റി എന്ന പി.വി.അൻവർ എംഎൽഎയുടെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതാവ് എഎച്ച് ഹഫീസ് നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി നാളെ പരിഗണിക്കും.
നേരത്തെ പോലീസ് വിജിലൻസിൽ പരാതി നൽകിയിരുന്നുവെങ്കിലും സ്പീക്കറുടെ അനുമതി ഇല്ലാത്തതിനാൽ നടപടി ഉണ്ടായില്ല. ഇതിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയിൽ പരാതി സമർപ്പിക്കാൻ സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമില്ല എന്നും പരാതി പരിശോധിച്ച് വിജിലൻസ് അന്വേഷണത്തിന് പ്രസക്തി ഉണ്ടെന്ന് കോടതി നിരീക്ഷിക്കുന്ന ഘട്ടത്തിൽ അനുമതിക്കായി സ്പീക്കറെ സമീപിച്ചാൽ മതിയാകുമെന്നും കാണിച്ച് നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്ന് കഴിഞ്ഞ ദിവസം പരാതിക്കാരന് മറുപടി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതിയെ സമീപിച്ചത്.
പിവി അൻവര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണം വൻ വിവാദമായിരുന്നു. സിൽവർലൈൻ റെയിൽപദ്ധതി അട്ടിമറിക്കാൻ കർണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഐടി കമ്പനികളില്‍ നിന്നും സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അന്‍വർ ആരോപിച്ചത്.
“പദ്ധതി നടപ്പിലായിരുന്നെങ്കില്‍ സംസ്ഥാനത്തിന് ഉണ്ടാകുമായിരുന്ന അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക വളർച്ചയും രാജ്യാന്തര നിലവാരത്തിലേക്ക് എത്തുമായിരുന്നു. സില്‍വർ ലൈന്‍ നടപ്പിലായാല്‍ കേരളത്തില്‍ ഐടി രംഗത്ത് ഉണ്ടാകുന്ന കുതിച്ചു ചാട്ടത്തെക്കുറിച്ച് അന്യസംസ്ഥാനങ്ങളിലെ ഐടി ഭീമന്മാർ പഠിച്ചു. പദ്ധതി നടപ്പിലായാല്‍ കെ റെയില്‍ കടന്ന് പോകുന്ന 11 ജില്ലകളും ഐടി ഹബ്ബുകളായി മാറുമെന്നും ഇവിടങ്ങളിലേക്ക് നിരവധി ആളുകള്‍ ജോലിക്കെത്തുമെന്നും അവർ മനസ്സിലാക്കി. ഇത് അട്ടിമറിക്കാന്‍ അവര്‍ സതീശന് പണം നല്‍കി”; ഇങ്ങനെയായിരുന്നു പിവി അൻവർ സഭയിൽ ഉന്നയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here