കോടിയേരിയുടെ അന്ത്യയാത്ര കൂടി ഉന്നയിച്ച് അന്‍വര്‍; വൈകാരിക പ്രതികരണങ്ങളും സിപിഎമ്മിനെതിരെ ഉയരാം

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അര്‍ഹിച്ച ഒരു അന്ത്യയാത്ര നല്‍കിയില്ലെന്ന വൈകാരികമായ വിമര്‍ശനം വീണ്ടും ഉയര്‍ത്തി അന്‍വര്‍. പാര്‍ട്ടിയില്‍ ജനകീയ നേതാവായിരുന്ന കോടിയേരിക്ക് അര്‍ഹമായ യാത്രയപ്പ് നല്‍കിയില്ലെന്ന വികാരം അണികൾക്കിടയിലുണ്ട്. പ്രത്യേകിച്ചും എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് പോലും അവസരം ഒരുക്കിയില്ല എന്ന കാര്യത്തിൽ. പകരം വേഗത്തില്‍ കണ്ണൂരില്‍ എത്തിച്ച് സംസ്‌കാരം നടത്തുകയായിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി യൂറോപ്പ് സന്ദര്‍ശനത്തിന് പോവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ യാത്രക്കായി തിരക്കിട്ട് സംസ്‌കാരം നടത്തിയെന്ന ആരോപണം അന്ന് മുതല്‍ ഉള്ളതാണ്.

കോടിയേരി ബാലകൃഷ്ണന്‍ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ഇങ്ങനെ വന്നിരുന്ന് മൈക്കിന് മുമ്പില്‍ പറയേണ്ടി വരില്ലായിരുന്നു എന്ന് പറഞ്ഞാണ് അനവർ വിഷയം വീണ്ടും ഉന്നയിച്ചത്. തനിക്ക് കണ്ണൂരില്‍ നിന്നും ഒരു സഖാവ് മെസേജ് അയച്ചുവെന്നും കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനം വയ്ക്കാതിരുന്നതില്‍ സങ്കടമുണ്ടായിരുന്നു എന്ന് പറഞ്ഞതായും അന്‍വര്‍ വിശദീകരിച്ചു.

കണ്ണൂരില്‍ നിന്നുമുള്ള ഒരു സഖാവിന്റെ വോയിസ് മെസേജില്‍ പറഞ്ഞത്, കേരളത്തിലുടനീളമുള്ള സഖാക്കള്‍ പ്രിയ നേതാവിന്റെ യാത്രയയപ്പിന് കയ്യുയര്‍ത്തി ഇങ്ക്വിലാബ് വിളിക്കാന്‍ കാത്തിരുന്നു എന്നാണ്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് കാണാന്‍ പോലും അവസരമുണ്ടാക്കിയില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും ന്യൂയോര്‍ക്കിലേക്ക് പോകണം. അതിന് വേണ്ടി ചെന്നൈയില്‍ നിന്ന് മൃതദേഹം നേരെ കണ്ണൂരിലേക്ക് എത്തിച്ച് സംസ്‌കരിച്ചു. ഇതേറെ വേദനിപ്പിച്ചു എന്നും വ്യക്തമാക്കിയതായി അന്‍വര്‍ പറഞ്ഞു.

കോടിയേരിയുടെ കുടുംബത്തിനും ഇത്തരമൊരു വിമർശനം ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്രയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായതിന് പിന്നാലെ അവരത് ഉന്നയിക്കുകയും ചെയ്തു. അന്‍വര്‍ തന്നെ വീണ്ടും ഈ വിഷയം ഉന്നയിക്കുമ്പോൾ അണികൾക്കിടയിൽ വൈകാരിക പ്രതികരണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top