നിലമ്പൂരിൽ മത്സരിക്കില്ലെന്ന് രാജിവച്ച ശേഷം അൻവർ; യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കും
ഉപതിരഞ്ഞെടുപ്പ് നടന്നാൽ നിലമ്പൂരിൽ താൻ സ്ഥാനാർത്ഥിയാവില്ലെന്ന് എംഎൽഎ സ്ഥാനം രാജിവച്ച പിവി അൻവർ. യു ഡി എഫ് പിന്തുണയുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. വിഎസ് ജോയിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കണം. മലയോര മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിവുള്ള ആളാണ് അദ്ദേഹമെന്നും അൻവർ പറഞ്ഞു.
തന്നെ യുഡിഎഫിൻ്റെ ഭാഗമാക്കണോ എന്ന കാര്യം അവർ തീരുമാനിക്കട്ടെ. ഇടതുപക്ഷത്ത് നിന്നപ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ താൻ നടത്തിയ അഴിമതി ആരോപണത്തിന്പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയായിരുന്നു. അത് എഴുതി തന്നതും പറയാൻ ആവശ്യപ്പെട്ടതും ശശിയായിരുന്നു. കെ റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചു എന്ന ആരോപണം നടത്തിയതിൽ സതീശനോട് അൻവർ മാപ്പ് ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധന നടത്തണം എന്ന പരാമർശത്തിലും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ ഡിഎൻഎ എന്നാണ് ഉദ്ദേശിച്ചതെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞു.
ഇന്ന് രാവിലെ രാവിലെ സ്പീക്കർ എഎൻ ഷംസീറിനെ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്. ഇതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൻവർ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കൊൽക്കത്തയിൽ എത്തി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതൃത്വവുമായി ചർച്ചകൾ നടത്തിയതിന് ശേഷമായിരുന്നു രാജി. ഇതുവരെ ടിഎംസിയിൽ അംഗത്വമെടുത്തിട്ടില്ലെന്നും അദ്ദേഹം ഇന്ന് അറിയിച്ചു. എംഎൽഎ സ്ഥാനത്തിന് അയോഗ്യത വരാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ഉടൻ അംഗത്വമെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
“സ്പീക്കർക്ക് രാജി സമർപ്പിച്ചു. കോരളത്തിലെ ജനങ്ങൾക്കും കഴിഞ്ഞ അഞ്ചുമാസമായി പിണറായി സർക്കാരിനെതിരേ, പിണറായിസത്തിനെതിരേ നടത്തിയ പോരാട്ടത്തിൽ പിന്തുണ നൽകിയ പൊതുസമൂഹത്തിനും നന്ദി. 2016ലും 2021ലും നിലമ്പൂരിൽനിന്ന് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി. നിയമസഭയിൽ ആദ്യമായി എത്തിച്ചേരാൻ പിന്തുണ നൽകിയ എൽഡിഎഫിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി” – എന്നായിരുന്നു രാജിക്ക് ശേഷം അൻവറിൻ്റെ ആദ്യ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here