രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ അന്‍വറിന്‍റെ ഡിഎംകെയിൽ തയ്യാറെടുപ്പ് തകൃതി; ജില്ലാ കമ്മിറ്റികളുടെ രൂപീകരണം തുടങ്ങി

പി.വി.അൻവർ രൂപം കൊടുത്ത സാമൂഹ്യ സംഘടനയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) രാഷ്ട്രീയ സംഘടനാ രൂപം പ്രാപിക്കാനുള്ള നീക്കം ആരംഭിച്ചു. പാർട്ടി രൂപീകരണത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിൽ ഡിഎംകെയുടെ ഘടകങ്ങൾ രൂപീകരിക്കാനായി മൂന്ന് കോ ഓർഡിനേറ്റർമാരെ നിയമിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്.മനോജ് കുമാറിനാണ് തെക്കൻ ജില്ലകളുടെ ചുമതല.

ദീർഘകാലം ഒട്ടുമിക്ക കേരള കോൺഗ്രസ് ഗ്രൂപ്പുകളിലും പ്രവർത്തിച്ച് അനുഭവ പാരമ്പര്യമുള്ള മനോജ് കുമാറിനെ നേരിട്ട് വിളിച്ചാണ് അൻവർ ചുമതല ഏല്പിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഡിഎംകെയുടെ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് മനോജ് കുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇന്ന് കൊല്ലത്ത് 150 പേരുടെ യോഗം ചേരുന്നുണ്ട്. ശനിയാഴ്ച ആലപ്പുഴയിൽ അൻവർ പങ്കെടുക്കുന്ന വിപുലമായ യോഗം നടത്തുന്നുണ്ടെന്നും മനോജ്‌ പറഞ്ഞു. രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയിൽ സമാന മനസ്കരുടെ യോഗങ്ങൾ എല്ലാ ജില്ലയിലും സംഘടിപ്പിക്കാനാണ് നീക്കം.

മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കാൻ തയ്യാറാവാത്തതും, സർക്കാർ അവഗണന നേരിടുന്നതുമായ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളുടെ പിന്തുണ നേടാനാണ് അൻവറിൻ്റേയും കൂട്ടരുടേയും ശ്രമം. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ഡിഎംകെ യുടെ സ്ഥാനാർത്ഥികൾ ഉണ്ടാവുമെന്ന് അൻവർ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഡിഎംകെ യുടെ ആശയങ്ങളോട് യോജിപ്പുള്ള ജനങ്ങളുടെ കൂട്ടായ്മക്കാണ് സംസ്ഥാന വ്യാപകമായി രൂപം നൽകുന്നതെന്ന് അൻവർ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ചേലക്കര മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. താന്‍ വായില്‍ തോന്നിയത് പറയുന്നവനാണോയെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്നായിരുന്നു അന്‍വറിന്റെ വെല്ലുവിളി. പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കുമെന്ന് സൂചിപ്പിച്ച അന്‍വര്‍ നല്ല സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ രണ്ട് മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നാണ് നിലപാട് എടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top