സ്വകാര്യ ആരോഗ്യ മേഖലയിൽ കോർപ്പറേറ്റുകൾ പിടിമുറുക്കുന്നു; ചെറുകിട ആശുപത്രികളെ ഏറ്റെടുക്കുന്നത് വ്യാപകമാകുന്നു

സംസ്ഥാനത്തെ വൻകിട സ്വകാര്യ ആശുപത്രികൾ ആരോഗ്യരംഗത്ത് പിടിമുറുക്കുന്നു. ഇടത്തരം ആശുപത്രികളെ ഏറ്റെടുക്കുകയും ശൃംഖലകൾ വിപുലപ്പെടുത്തുകയും ചെയ്യുന്ന തിരക്കിലാണ് സ്വകാര്യ ആശുപത്രികൾ. ഏറ്റെടുക്കലുകളും ലയനങ്ങളും വ്യാപകമാകുന്നതോടെ ചികിത്സാ ചിലവുകൾ കുത്തനെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരുവനന്തപുരം ആസ്ഥാനമായ കിംസ് ഗ്രൂപ്പിനെ ഹൈദരാബാദിലെ ക്വാളിറ്റി കെയർ എന്ന ഫണ്ടിങ് ഏജൻസി ഏറ്റെടുത്തു കഴിഞ്ഞു. കോട്ടയം ആസ്ഥാനമായ ക്നാനായ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയത്ത് തന്നെയുള്ള മാതാ ആശുപത്രി ഏറ്റെടുത്തു കഴിഞ്ഞു. കോഴിക്കോട് ആസ്ഥാനമായ ബേബി മെമ്മോറിയൽ ഗ്രൂപ്പ് തൊടുപുഴയിൽ പ്രവർത്തിക്കുന്ന ചാഴിക്കാട് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഏറ്റെടുത്തു എന്നാണറിയുന്നത്.

കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ലിസി ആശുപത്രി കൊച്ചിയിലെ തന്നെ പിവിഎസിനെ ഏറ്റെടുത്തു. സാമ്പത്തിക പ്രതിസന്ധിയിലായി ഏറെക്കാലമായി പൂട്ടിക്കിടക്കുകയാണ് പിവിഎസ് ആശുപത്രി. എന്നാൽ നഗരമധ്യത്തിൽ ബഹുനില കെട്ടിടവും ഭൂമിയും സ്വന്തമായുണ്ട്. ഇതിനും പുറമെ ഇന്ത്യയിലും ഗൾഫിലും വിപുലമായ ആശുപത്രി ശൃംഖലകൾ ഉള്ള ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ രാജ്യത്ത് 1000 കോടിയുടെ വിപുലീകരണ പദ്ധതിയുമായി നീങ്ങുകയാണ്.

ഏറ്റെടുക്കലും ലയന പ്രക്രിയയുമെല്ലാം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്നാണ് അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ കേരള ചാപ്റ്ററിൻ്റെ വിശദീകരണം. ആരോഗ്യരംഗത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനിടയാക്കുമെന്നും അവർ അവകാശപ്പെടുന്നുണ്ട്. സ്വകാര്യ മേഖലയുടെ വളർച്ച വിദേശ നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് കൂടുതലായി വരാൻ ഇടയാക്കുമെന്നും പ്രതീക്ഷയുണ്ട്.

എന്നാൽ കോർപ്പറേറ്റ് ഗ്രൂപ്പുകൾ സ്വകാര്യ മേഖലയിൽ പിടിമുറുക്കുന്നതോടെ ചികിത്സാ ചെലവുകൾ കുത്തനെ ഉയരുകയും സാധാരണക്കാരന് മെച്ചപ്പെട്ട ചികിത്സകൾ അപ്രാപ്യമാവുകയും ചെയ്യുന്ന ആശങ്കയുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top