കരിങ്കൽ ക്വാറികൾ കുടുംബശ്രീയെ ഏൽപ്പിക്കണം; നിർദേശവുമായി മാധവ് ഗാഡ്ഗിൽ

കേരളത്തിലെ കരിങ്കൽ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ പ്രവർത്തകർക്ക് നൽകണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും നിയമവിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇവയാണ് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നത്. എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ ഗോവൻ മാതൃകയിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം. റിസോർട്ടുകളുടെ പ്രവർത്തനം പ്രകൃതിക്ക് ദോഷം ചെയ്യും. തേയില തോട്ടങ്ങൾ ലേബേർ കോ ഓപ്പറേറ്റിവ് സൊസൈറ്റികൾ ഏറ്റെടുക്കണമെന്നും ഗാഡ്ഗിൽ പറഞ്ഞു. മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി ആസൂത്രണം ചെയ്യണം. വിവിധ സംസ്ഥാനങ്ങളിൽ മുമ്പ് ഉണ്ടായ ഇത്തരം പ്രകൃതിദുരന്തങ്ങളിൽ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതി സംരക്ഷണ സമിതി കല്‍പറ്റയില്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തിന് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്

ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്ന് നേരത്തെ മാധവ് ഗാഡ്ഗിൽ പ്രതികരിച്ചിരുന്നു. പ്രദേശത്തെ അനധികൃത റിസോർട്ടുകളും നിർമാണങ്ങളും ആരും നിയന്ത്രിച്ചില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന നിർമാണങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും മാധവ് ഗാഡ്ഗിൽ ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top