1986ൽ ചൂരൽമലക്കുവേണ്ടി എഴുതിയ ലേഖകൻ ഇവിടുണ്ട്; ‘അന്ന് തുടങ്ങിയ പാറഖനനമാണ് ദുരന്തങ്ങൾക്ക് കാരണം’; പത്രത്തിൽ എഴുതിയത് 84ലെ ഉരുൾപൊട്ടലിന് പിന്നാലെ
ചൂരൽമലയെ രക്ഷിക്കണമെന്ന തലക്കെട്ടിൽ വർഷങ്ങൾക്ക് മുൻപ് ഏതോ പത്രത്തിൽ വന്നൊരു ലേഖനമാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് ശേഷം രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അതെഴുതിയ ലേഖകൻ ആരെന്നോ പത്രം ഏതെന്നോ പലർക്കും നിശ്ചയമില്ല. വരാനിരിക്കുന്ന വൻ ദുരന്തങ്ങളെക്കുറിച്ച് അക്കാലത്തേ മുന്നറിയിപ്പ് നൽകിയ ആ ലേഖകൻ്റെ പേര് ആർ.ഗോപിനാഥൻ. കൽപറ്റ ഗവൺമെൻ്റ് കോളജിൽ അധ്യാപകനായിരുന്നു. ലേഖനം പ്രസിദ്ധീകരിച്ചത് 1986ൽ കേരള കൗമുദി പത്രത്തിൽ.
“ഇതിനോടുരുമ്മി കിടക്കുന്ന വർണഭേദമുള്ള പാറപ്പരപ്പ് വനത്തിൻ്റെ അടിമണ്ണിന് പ്രകൃതിസഹജമായ കാവൽബന്ധമായി പ്രവർത്തിക്കുന്നു. അട്ടിയടുക്കി വച്ചതുപോലെ രണ്ടുവശത്തുള്ള കൂറ്റൻ വനശിലാപംക്തികൾക്കിടയിൽ അഗാധതയിലേക്ക് കുതിച്ചുവീഴുന്ന ജലപാത, സൗന്ദര്യം കൊണ്ട് മാത്രമല്ല, ഭൂസ്ഥിതി കൊണ്ടും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. വെള്ളാർമല, മുണ്ടക്കൈ, നീലിക്കാപ്പ്, അട്ടമല, ചൂരൽമലകളുടെ അടിമണ്ണ് ഈ പാറക്കൂട്ടങ്ങളുടെ ഭിത്തിയാൽ സംരക്ഷിതമായിരിക്കുന്നു.” – മനുഷ്യ ഇടപെടൽ കൊണ്ട് ചൂരൽമല നശിച്ചു പോകാതെ സംരക്ഷിക്കണമെന്ന ബോധവൽക്കരണമായിരുന്നു പ്രൊഫ.ആർ.ഗോപിനാഥൻ്റെ ഈ ലേഖനത്തിൻ്റെ കാതൽ.
ചൂരൽമലയെയും മുണ്ടക്കൈയെയുമെല്ലാം താങ്ങിനിർത്തുന്നതിൽ ഇവിടെയുണ്ടായിരുന്ന പാറക്കൂട്ടങ്ങൾക്ക് ഉണ്ടായിരുന്ന പങ്കിനെക്കുറിച്ചാണ് ഇത്ര വ്യക്തമായി പറഞ്ഞിരിക്കുന്നത്. ചാലിയാറിൻ്റെ ഉത്ഭവസ്ഥാനമാണ് മുണ്ടക്കൈയും ചൂരൽമലയുമൊക്കെ. അവിടെ ഒരു സംരക്ഷണഭിത്തി പോലെയാണ് ബ്രീട്ടീഷുകാർ സെൻ്ററിനൽ റോക്ക് എന്ന വിളിച്ചിരുന്ന സൂചിപ്പാറ. ഇതിൻ്റെ ചുറ്റുവട്ടങ്ങളിലെ പാറകൾ മുഴുവൻ പൊട്ടിച്ചു നീക്കിയതിൻ്റെ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഗോപിനാഥൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
1984ൽ പട്ടാമ്പിയിൽ നിന്ന് ചോദിച്ച് വാങ്ങിയ സ്ഥലംമാറ്റ ഉത്തരവുമായാണ് അദ്ദേഹം കല്പറ്റ കോളജിലെത്തിയത്. അല്പസ്വല്പം പ്രകൃതി സ്നേഹവും, സിപിഐ-എംഎൽ പ്രവർത്തനങ്ങളോടുള്ള ആഭിമുഖവുമാണ് വയനാട്ടിൽ എത്താൻ കാരണമെന്ന് ഗോപിനാഥൻ പറയുന്നു. യാത്രാസൗകര്യങ്ങൾ പരിമിതമായ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ മിക്കപ്പോഴും കോളജിൽ വൈകിയാണ് എത്തിയിരുന്നത്. അതിൻ്റെ കാരണം തേടി കുട്ടികളുമൊത്തുള്ള കാൽനടയാത്രകളാണ് ചൂരൽമലയെക്കുറിച്ച് കൂടുതൽ അറിയാൻ ഇടയാക്കിയത്. 1984ൽ ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായി 14 പേർ മരിച്ച ചരിത്രമൊക്കെ കുട്ടികളും അവരുടെ മാതാപിതാക്കളും പറഞ്ഞിരുന്നു. ഇതൊക്കെ മനസിൽ വെച്ചാണ് പ്രദേശത്തെക്കുറിച്ച് പഠിക്കാനും പിന്നീട് ലേഖനം എഴുതാനും തീരുമാനിച്ചത്.
“കാരാട്ടുപുഴ ഡാമിൻ്റ പണിക്കായി നദിയിൽ നിക്ഷേപിച്ച കമ്പിയും കല്ലുമൊക്കെ ഞാനും കുട്ടികളും ചേർന്ന് എടുത്തുമാറ്റി ഒഴുക്ക് നേരെയാക്കിയിരുന്നു. ഇതിനെതിരെ പോലീസ് കേസെടുത്തു. അന്ന് വയനാട് കലക്ടറായിരുന്ന രവീന്ദ്രൻ തമ്പിയോട് കാര്യങ്ങൾ പറഞ്ഞു. വളരെ അനുഭാവപൂർവമാണ് അദ്ദേഹം പെരുമാറിയത്. ഒപ്പം സ്നേഹിതനായിരുന്ന കോഴിക്കോട് പോലിസ് കമ്മീഷണർ എം.ജെ.അൻസാരിയുടെ ഇടപെടലും കൂടിയായപ്പോൾ കേസുകൾ ഒഴിവായിക്കിട്ടി.” പ്രൊഫ.ഗോപിനാഥൻ ഓർത്തെടുത്തു.
മനുഷ്യൻ്റെ അനാവശ്യമായ ചൂഷണവും കടന്നുകയറ്റവുമാണ് വയനാടിനെ ദുരന്തഭൂമിയാക്കിയത്. ടൂറിസത്തിൻ്റെ പേരിൽ നടക്കുന്നത് മുഴുവൻ നിയമവിരുദ്ധവും പ്രകൃതിയെ കൊല്ലുന്നതുമാണ്. കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായേ തീരൂവെന്ന് അദ്ദേഹം പറഞ്ഞു. ചൂരൽമലയെക്കുറിച്ച് എത്ര പറഞ്ഞാലും എഴുതിയാലും മതിവരാത്ത ഗോപിനാഥൻ 1986ൽ കേരള കൗമുദി ഞായറാഴ്ച പതിപ്പിൽ ‘ചൂരൽമലയിൽ’ എന്ന തലക്കെട്ടിലെഴുതിയ കവിതയിലെ വരികൾ ഇങ്ങനെ:
‘പറയൂ വസുന്ധരേ കുളിനീർ ചിതറുന്ന
തടിനികൾ നിറയുമെൻ കാനനത്തിൽ
ഉരുളൻ ചരലുകൾ കണ്ണാടി നോക്കുമീ
വന കന്യാസ്നാന നീർച്ചാലിൽ…..’
കഴിഞ്ഞ വർഷം ഒക്ടോബർ 23നാണ് ഏറ്റവും അവസാനം കൽപ്പറ്റയിൽ പോയത്. “അങ്ങോട്ട് ഒരിക്കൽകൂടി പോകാൻ, ഞാൻ അറിഞ്ഞ എൻ്റെ കൂടപ്പിറപ്പുകൾക്ക്, കുട്ടികൾക്ക് എന്ത് സംഭവിച്ചു എന്നറിയാൻ അതിയായി ആഗ്രഹിക്കുന്നു”- വിറയലോടെ അദ്ദേഹം പറഞ്ഞു നിർത്തി.
ALSO READ: വെളളച്ചാട്ടത്തില്‍ കുത്തിയൊഴുകി ചിന്നിചിതറി മൃതദേഹങ്ങള്‍; ചാലിയാറിന് മരണത്തിന്റെ ചീഞ്ഞ ഗന്ധം
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here