ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊലൂഷന്‍സ് സിഇഒ കീഴടങ്ങി; മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി

സംസ്ഥാനത്ത് ഏറെ വിവാദമായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസിലെ ഒന്നാം പ്രതി കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍.
എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബാണ് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. തനിക്കെതിരെ നടക്കുന്നത് ഗൂഡാലോചനയാണെന്നും ഇതിനുള്ള തെളിവുകള്‍ കൈയ്യിലുണ്ടെന്നും ഷുഹൈബ് പറഞ്ഞു.
ഇന്ന് രാവിലെയാണ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നു എന്ന ഒറ്റവാചകത്തിലാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഫെബ്രുവരി 25 വരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസുമായി സഹകരിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഷുഹൈബ് ചോദ്യം ചെയ്യലിനും ഹാജരായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ മലപ്പുറം സ്വദേശി അബ്ദുള്‍ നാസറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകന് നല്‍കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യപേപ്പര്‍ കൈപ്പറ്റിയ ഫഹദിനെ മറ്റൊരു സ്ഥാപനം അയച്ചതാണെന്നും എംഎസ് സൊലൂഷന്‍സിനെ തകര്‍ക്കാനുള്ള നീക്കമാണ് ഇതെന്നുമാണ് ഷുഹൈബ് ഇപ്പോള്‍ ആരോപിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here