ചോദ്യപേപ്പര്‍ ചോര്‍ച്ച : എംഎസ് സൊലൂഷന്‍സ് സിഇഒയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി ഹൈക്കോടതി

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നു എന്ന ഒറ്റവാചകത്തിലാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഫെബ്രുവരി 25 വരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസുമായി സഹകരിക്കണമെന്നുനിര്‍ദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഷുഹൈബ് ചോദ്യം ചെയ്യലിനും ഹാജരായിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഷുഹൈബ്. കഴിഞ്ഞ ദിവസം ഷുഹൈബിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ സ്‌കൂള്‍ പ്യൂണ്‍ അബ്ദുല്‍ നാസര്‍ അറസ്റ്റിലായിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഷുഹൈബിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. എംഎസ് സൊലൂഷന്‍സിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യക്കടലാസുകളാണ് എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ചോദ്യക്കടലാസ് ചോര്‍ത്തിയിട്ടില്ലെന്നും പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഷുഹൈബിന്റെ ആദ്യ മൊഴി. അറസ്റ്റിലായ അധ്യാപകരാണ് ചോദ്യക്കടലാസ് തയാറാക്കിയതെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും ഷുഹൈബ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍ ഷുഹൈബ് നല്‍കിയ ചോദ്യക്കടലാസ് യുട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു അധ്യാപകരുടെ മൊഴി. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top