ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടെ അശ്ലീല പരാമര്‍ശവും; ചോദ്യപേപ്പര്‍ ചോര്‍ത്തിയ യൂട്യൂബ് ചാനലിനെതിരെ കൂടുതല്‍ പരാതികള്‍
സ്കൂളുകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച വന്‍ വിവാദമായിരിക്കെ ആരോപണവിധേയരായ യുട്യൂബ് ചാനലിനെതിരെ വീണ്ടും പരാതികള്‍. ഇവരുടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീലപരാമര്‍ശങ്ങള്‍ പതിവെന്നാണ് പരാതി. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായ എം.എസ്.സൊല്യൂഷനാണ് പ്രതിക്കൂട്ടിലുള്ളത്.
എംഎസ് സൊല്യൂഷന്റെ യുട്യൂബ് ക്ലാസുകള്‍ക്കെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇവരുടെ ഓണ്‍ലൈന്‍ ചാനലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്.
അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പതിവെന്നാണ് പരാതി ഉയര്‍ന്നത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്.
എംഎസ് സൊല്യൂഷന്‍സിനെതിരെ തെളിവ് സഹിതം പരാതി നല്‍കുമെന്നാണ് എവൈഎഫ്ഐ അറിയിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ്.സൊല്യൂഷന് എതിരെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥാപനത്തിന്റെ കൊടുവള്ളി ഓഫീസ് അടച്ചിരിക്കുകയാണ്. സിഇഒ മുങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് പരീക്ഷകളിലായി എംഎസ് സൊല്യൂഷന്‍ വഴി ചോദ്യപേപ്പര്‍ ചോര്‍ന്നതായി വിദ്യാഭ്യാസവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പതിനായിരത്തിലധികം വിദ്യാർഥികളാണ് ഇവരുടെ വീഡിയോ കണ്ടത്. സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം ഈ കാര്യത്തില്‍ നടത്താനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here