ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യം; മസലാ ബോണ്ടിലെ ഫെമ നിയമലംഘനം മുന്‍ ധനമന്ത്രിയുടെ അറിവോടെയെന്ന് സംശയം; സത്യവാങ്മൂലം നല്‍കി ഇഡി

എറണാകുളം: തോമസ് ഐസക്കിന്റെ അറിവോടെയാണ് മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനം നടന്നതെന്ന് സംശയിക്കുന്നതായി ഇഡി. അതിനാല്‍ ഐസക്കിന്റെ മൊഴിയെടുക്കല്‍ കേസില്‍ അനിവാര്യമാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര ഏജന്‍സി വ്യക്തമാക്കി. ബോണ്ടിന്റെ കാര്യത്തില്‍ എല്ലാ സുപ്രധാന തീരുമാനങ്ങളും എടുത്തത് അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ്. ഇക്കാര്യം കിഫ്ബിയുടെ മറുപടിയില്‍ തന്നെ വ്യക്തമാണ്. അതിനാല്‍ ഇടപാട് വിശദമായി പരിശോധിക്കണം. ഐസക്കിന്റെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ ഈ ഇടപാടില്‍ ഉള്‍പ്പെട്ട മറ്റുളളവരിലേക്ക് അന്വേഷണം എത്തുകയുള്ളൂ. അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ കോടതിയേയും ,അധികാരികളെയും വെല്ലുവിളിക്കുകയാണ്. അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് നിരന്തരം സമന്‍സ് അയക്കുന്നതെന്നും ഇഡി വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് അയച്ച ഇഡി നടപടിക്കെതിരെയാണ് ഐസക്ക് ഹൈക്കോതിയെ സമീപിച്ചത്. 2021ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു. അതുവരെയുള്ള എല്ലാ വിവരങ്ങളും അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ട്. അതിനുശേഷമുള്ള വിവരങ്ങള്‍ അറിയില്ലെന്നും ഐസക്ക് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇഡിയോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഐസക്കിനെ ചോദ്യം ചെയ്യുക മാത്രമേയുള്ളൂവെന്നും അറസ്റ്റ് ചെയ്യില്ലെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

അവധിയ്ക്ക് ശേഷം ഇനി മെയ് 22 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി.ആര്‍. രവി നിര്‍ദ്ദേശം നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top