ലാവലിനിൽ ആദായനികുതി അന്വേഷണം നടന്നത് സ്ഥിരീകരിച്ച് ആർ.മോഹൻ; ‘കമല ഇൻ്റർനാഷണൽ’ ഇല്ലെന്ന് സിംഗപ്പൂരിൽ നിന്ന് വിവരംകിട്ടി; “അഡീ. കമ്മിഷണർ എന്ന നിലയിൽ ഒന്നിലും ഇടപെട്ടില്ല, പിണറായിക്ക് വേണ്ടി അന്യായമായി ഒന്നും ചെയ്തില്ല”

ലാവലിൻ കേസുമായി ബന്ധപ്പെട്ട ആദായനികുതി അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻചിറ്റ് കൊടുത്തുവെന്ന ബിജെപി നേതാവ് ഷോൺ ജോർജിൻ്റെ ആരോപണത്തിൽ പ്രതികരിച്ച് ആദായനികുതി മുൻ അഡീഷണൽ കമ്മീഷണറും മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുമായ ആർ.മോഹൻ. പിണറായി വിജയൻ്റെ ഭാര്യ, മകൻ തുടങ്ങിയവരുമായി ബന്ധപ്പെട്ട് പലവിധ അന്വേഷണങ്ങൾ താൻ ജോലി ചെയ്ത കാലയളവിൽ ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്ന് സ്ഥിരീകരിച്ച അദ്ദേഹം പക്ഷേ, താൻ അവയിൽ അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്ന് വിശദീകരിക്കുന്നു. ലാവലിൻ ഇടപാടുകളുമായി ബന്ധപ്പെട്ട് അക്കാലത്ത് വാർത്തകളിൽ നിറഞ്ഞ പിണറായി വിജയൻ്റെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെട്ട കമല ഇൻ്റർനാഷണൽ എന്ന കമ്പനിയെക്കുറിച്ച് സിംഗപ്പൂരിൽ അന്വേഷിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു കമ്പനി ഇല്ലെന്ന് അവിടെ നിന്ന് കിട്ടിയ മറുപടിയാണ് റിപ്പോർട്ടായി നൽകിയത്. പിണറായിയുടെ മകൻ്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചിലവുകളുടെ ചില പരിശോധനകൾ വിദേശത്ത് നടത്തിയിരുന്നു എന്നും ആർ.മോഹൻ പറയുന്നു. എന്നാൽ അഡീഷണൽ കമ്മീഷണർ എന്ന നിലയിൽ പലതിലും താൻ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നില്ല. അതുകൊണ്ട് തന്നെ റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്നത് താനല്ല. ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ സിബിഐ അന്വേഷിച്ച ലാവലിൻ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിളിച്ചുവരുത്തി പരിശോധിച്ചിരുന്നു. അന്നൊന്നും എതിർപ്പ് പറയാത്തവർ ഇപ്പോൾ ആരോപണവുമായി വരുന്നത് ദുരുദ്ദേശ്യപരമാണ് എന്നും ആർ.മോഹൻ പറയുന്നു.

പിണറായി വിജയന് വേണ്ടി അവിഹിതമായി എന്തോ ചെയ്തതിനുളള പ്രതിഫലമായാണ് വിരമിച്ച ശേഷം തന്നെ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതെന്ന ആരോപണത്തിനും ആർ.മോഹൻ മറുപടി പറയുന്നു. വിരമിക്കുകയായിരുന്നില്ല, ഉദ്യോഗത്തിൽ നിന്ന് താൻ സ്വയം പിരിയുകയായിരുന്നു. അതിന് ശേഷം മൂന്നു വർഷം കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. 2019ൽ തുടങ്ങിയ ജോലിയിൽ നിന്ന് 2021ൽ വിരമിച്ചു. ഇപ്പോൾ ആ സ്ഥാനത്തില്ല. വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടും, മറ്റുചില വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ളതിനാലും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ മുഴുവൻ സമയ സേവനം നടത്തുന്നില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു.

നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആണ് ആർ.മോഹൻ.

ആർ.മോഹൻ മാധ്യമങ്ങൾക്ക് അയച്ച വിശദീകരണക്കുറിപ്പിൻ്റെ പൂർണരൂപം:

ഇന്ന് നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ ശ്രീ. ഷോൺ ജോർജ്ജ് നടത്തിയ ചില പരാമർശങ്ങളാണ് ഈ കുറിപ്പിന് ആധാരം.
ഞാൻ ഇന്ത്യൻ റവന്യൂ സർവ്വീസിലെ ഉദ്യോഗസ്ഥനായിരുന്നു. 1993 ൽ സർവ്വീസിൽ പ്രവേശിച്ച ഞാൻ വിവിധ സംസ്ഥാനങ്ങളിൽ പല കർത്തവ്യങ്ങൾ നിർവ്വഹിക്കുകയും 2016 ൽ സർവ്വീസിൽ നിന്നും സ്വയം വിരമിക്കുകയുമാണ് ചെയ്തത്.

ശ്രീ. ഷോൺ ജോർജ് പറയുന്നത് സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തശേഷം മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിതനായി എന്നാണ്. ഞാൻ റിട്ടയർ ചെയ്തതല്ല സ്വയം വിരമിച്ചതാണ്. അതിനുശേഷം ഞാൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നേരെ നിയമിതനായതല്ല. ഞാൻ പൊതു ധനകാര്യ ഗവേഷണ മേഖലയിലും ഫ്രീലാൻറ്സ് കോളമിസ്റ്റായും സ്വന്തം നിലയ്ക്കാണ് പ്രവർത്തിച്ചുവന്നത്. അങ്ങനെയാണ് മൂന്നുവർഷം പ്രവർത്തിച്ചത്. എന്തെങ്കിലും ഒരു ആനുകൂല്യത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ എന്നെ നിയമിച്ചു എന്നു പറയുന്നത് വസ്തുതാവിരുദ്ധമാണ്. ഉദ്യോഗ പർവ്വവവുമായുള്ള എൻറെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചുകഴിഞ്ഞ് മൂന്നു വർഷങ്ങൾക്കുശേഷമാണ് ഞാൻ 2019 ൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്. 2021 മെയ് വരെ ആ സ്ഥാനത്ത് തുടർന്നു. അതിനുശേഷം ഞാൻ ആ സ്ഥാനത്തില്ല. എൻറെ വ്യക്തിപരമായ പ്രശ്നങ്ങളാലും ഞാൻ കേന്ദ്രീകരിക്കുന്ന എൻറെ താൽപ്പര്യവിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി ഞാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ മുഴുവൻ സമയ പ്രവർത്തനം നടത്തുന്നില്ല.

ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ, 2019 മുതൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്തും പിന്നീട് ഭാഗികമായി ചുമതലകൾ നിർവ്വഹിക്കുന്ന കാലത്തും ഞാൻ കേരള സർക്കാരിൽ നിന്നും ഒരു രൂപ പോലും വേതനമോ അലവൻസോ വാങ്ങിയിട്ടില്ല. പേഴ്സണൽ സ്റ്റാഫിൽ പ്രവർത്തിക്കുന്നതു കാരണം എനിക്കെന്തോ വലിയ സൗജന്യങ്ങൾ ലഭിക്കുന്നു എന്നും നേട്ടങ്ങൾ ഉണ്ടാക്കുന്നു എന്നുമുള്ള പ്രസ്താവന ദുരുപദിഷ്ടമാണെന്ന് പറഞ്ഞുകൊള്ളട്ടെ. ഇത് ഞാൻ ചെയ്ത എന്തോ സഹായത്തിൻറെ പ്രത്യുപകാരമാണെന്നാണ് പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിന് സത്യവുമായി വിദൂരബന്ധം പോലുമില്ല.

ഞാൻ ആദായനികുതി വകുപ്പിൽ അഡീഷണൽ ഡയറക്ടറായിരുന്നപ്പോൾ ബഹു. ഹൈക്കോടതി മുമ്പാകെ സമർപ്പിച്ച ഒരു റിപ്പോർട്ടിനെ പറ്റിയാണ് ആരോപണങ്ങളുമായി വരുന്നത്. കേരളത്തിലെ ആദായനികുതി വകുപ്പിൽ ഞാൻ പരമോന്നത ഉദ്യോഗസ്ഥനായിരുന്നില്ല. ഞാൻ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ, കരടുകൾ എല്ലാം തന്നെ എനിക്കു മുകളിൽ ഡയറക്ടർ, ഡയറക്ടർ ജനറൽ എന്നീ മേലുദ്യോഗസ്ഥരുടെ അറിവോടും അനുമതിയോടും കൂടിയായിരുന്നു. അത്യാവശ്യം കേസുകളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിലെ ഉദ്യോഗസ്ഥരും അഫിഡവിറ്റുകൾ കാണാറുണ്ടായിരുന്നു. ക്രൈം വാരികയുടെ എഡിറ്റർ ശ്രീ. നന്ദകുമാർ ബഹു. ഹൈക്കോടതിയിൽ നൽകിയ ഒരു പെറ്റീഷൻറെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് ഓർമ്മ. ഈ പെറ്റീഷൻ നേരത്തെ ആദായനികുതി വകുപ്പിലും നൽകിയിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ഓർമ്മയിൽ നിന്നാണ് പറയുന്നത്.

ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനല്ലായിരുന്നു ഞാൻ. പെറ്റിഷനിലെ വിവരങ്ങളെപ്പറ്റി തൽസ്ഥിതി അറിയിക്കാൻ ബഹു. ഹൈക്കോടതി ഡിപ്പാർട്ട്മെൻറ് സ്റ്റാൻറിംഗ് കൗൺസിലിന് നിർദ്ദേശം നൽകിയപ്പോഴാണ് ആദായനികുതി വകുപ്പിനുവേണ്ടി അഡിഷണൽ ഡയറക്ടറായിരുന്ന ഞാൻ മേലധികാരികളുടെ നിർദേശത്തിലും അംഗീകാരത്തോടുകൂടിയും സത്യവാങ്മൂലം സമർപ്പിച്ചത്. ഹൈക്കോടതി മുമ്പാകെ സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങൾ എൻറെ ഭാവനയിൽ നിന്നും സൃഷ്ടിക്കാവുന്നവയല്ല. ശ്രീ നന്ദകുമാറിനോട് കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ കത്തയയ്ക്കുകയും ചെയ്തു. എന്നാൽ ആ കത്തിന് മറുപടി കിട്ടിയില്ല എന്നാണ് എൻറെ ഓർമ്മ. ആ നിലയ്ക്ക് വസ്തുതകൾ പരിശോധിച്ചാണ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്.

ഇന്ത്യയിലെ നികുതി ഉദ്യോഗസ്ഥർക്ക് വിദേശരാജ്യങ്ങളിലെ കാര്യങ്ങൾ നേരിട്ട് അന്വേഷിക്കാൻ അധികാരമില്ല. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻറെ ഫോറിൻ ടാക്സസ് ഡിവിഷൻ വഴിയാണ് ഇത്തരം വിവരങ്ങൾ ശേഖരിക്കേണ്ടത്. ചട്ടപ്രകാരം ഈ മാർഗം തന്നെയാണ് ഇവിടെയും അവലംബിച്ചിട്ടുള്ളത്. ഫോറിൻ ടാക്സസ് ഡിവിഷൻ വഴി സിംഗപ്പൂരിൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ കമല ഇൻറർനാഷണൽ എന്ന ഒരു കമ്പനി നിലവിലില്ല എന്ന വിവരമാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിൻറെ അടിസ്ഥാനത്തിൽ ബഹു. ഹൈക്കോടതിയെ ആ വിവരം അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഈ സത്യവാങ്മൂലത്തിൽ പറഞ്ഞ വിഷയങ്ങളിൽ പിശകുണ്ടായിരുന്നെങ്കിൽ ഇന്ന് ആരോപണമുന്നയിക്കുന്നവർക്ക് ഹൈക്കോടതി മുമ്പാകെ അത് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെടാമായിരുന്നു. അത് ചെയ്യാതെ വർഷങ്ങൾക്കുശേഷം വന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ല.

അതുപോലെതന്നെ, എസ്.എൻ.സി ലാവ്ലിൻ കേസിൽ മറ്റൊരു ഏജൻസി അന്വേഷണം നടത്തുന്നതിനാൽ ആദായനികുതി വകുപ്പ് സമാന്തര അന്വേഷണം നടത്തിയിരുന്നില്ല. അതും ബഹു. ഹൈക്കോടതിയെ അറിയിച്ചു. അന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്രീ. പിണറായി വിജയൻ കണ്ണൂരിൽ ഒരു പടുകൂറ്റൻ വീട് നിർമ്മിച്ചു എന്നായിരുന്നു മറ്റൊരു ആരോപണം. വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ വിവരശേഖരണത്തിൽ നിലവിലുള്ള വീട് പുതുക്കിപ്പണിഞ്ഞതാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ആവശ്യമായ ആളുകളിൽ നിന്നും വേണ്ട വിവരങ്ങൾ ശേഖരിച്ചാണ് ആദായനികുതി വകുപ്പിലെ 133 (6) പ്രകാരം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇക്കാര്യത്തിൽ മറ്റു കൃത്യമായ വിവരങ്ങളൊന്നും ഹർജിയിൽ ലഭ്യമായിരുന്നില്ല. ഇതിനെപ്പറ്റി വിവരമെന്തെങ്കിലും ഉള്ളവർ അത്തരം വിവരങ്ങൾ അസസിംഗ് ഓഫീസർക്ക് കൈമാറിയിരുന്നെങ്കിൽ അതിൻറേതായ നടപടികൾ ഉണ്ടാകുമായിരുന്നു. അങ്ങനെയൊരു വിവരവും കൈമാറിയിട്ടുള്ളതായി അറിവില്ല.

ഇനി പിണറായി വിജയൻറെ മകൻറെ ഇംഗ്ലണ്ടിലെ പഠനത്തെപ്പറ്റിയുള്ള ആരോപണമാണ്. മേൽപറഞ്ഞതുപോലെ വിദേശരാജ്യങ്ങളിൽ അന്വേഷണം നടത്താൻ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് അധികാരമില്ലാത്തതിനാൽ യു.കെ.യിലെ നികുതി അധികാരികളുമായി ഫോറിൻ ടാക്സസ് ഡിവിഷൻ വഴി വിവരങ്ങൾ ആരായുകയാണുണ്ടായത്. അക്കാര്യവും ബഹു. ഹൈക്കോടതിയെ അറിയിച്ചു. ഇന്ന് ആരോപണമുന്നയിക്കുന്ന ആരും തന്നെ ഇക്കാര്യത്തിൽ കൃത്യമായ എന്തെങ്കിലും വിവരം നൽകാൻ മുന്നോട്ടുവന്നില്ല എന്നുള്ളതും ഒരു വസ്തുതയാണ്. കൃത്യമായ വിവരം തന്നിട്ട് അക്കാര്യം അന്വേഷിച്ചില്ല എന്ന് ആർക്കും പറയാൻ കഴിയില്ല. അതുവരെ നടന്ന വിവരശേഖരണത്തിൻറെ തൽസ്ഥിതിയാണ് ബഹു.ഹൈക്കോടതിയെ അറിയിച്ചത്.
സാധ്യമാകുന്ന സ്രോതസ്സുകളിൽ നിന്നെല്ലാം വിവരം സമാഹരിച്ച് മേലധികാരികളുടെ അംഗീകാരത്തോടുകൂടി ബഹു. ഹൈക്കോടതിയെ അറിയിച്ചത് എന്തോ അപരാധമാണെന്നാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.

ഒരു പരാതി കിട്ടിയാൽ അതിനെ ടാക്സ് ഇവേഷൻ പെറ്റീഷനായാണ് ആദായനികുതി വകുപ്പ് കണക്കാക്കുന്നത്. അതിന്മേൽ വകുപ്പിലെ ഇൻസ്പെക്ടർ, അസിസ്റ്റൻറ്/ ഡെപ്യൂട്ടി ഡയറക്ടർമാർ അന്വേഷണം നടത്താറുണ്ട്. അഡീഷണൽ ഡയറക്ടർ എന്ന നിലയിൽ ഞാൻ ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനല്ലായിരുന്നു. അന്വേഷണ റിപ്പോർട്ടൊന്നും ഞാൻ സമർപ്പിച്ചിട്ടുമില്ല. ഡിപ്പാർട്ട്മെൻറിൽ ലഭിച്ച പെറ്റീഷനിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വസ്തുതകൾ ആദായനികുതി വകുപ്പിൻറെ ചട്ടക്കൂടിൽ നിന്നുകൊണ്ട് വിവരങ്ങൾ ആരാഞ്ഞ് ബഹു. ഹൈക്കോടതി മുമ്പാകെ ഒരു തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കുകയാണ് ചെയ്തത്. അത് അന്നത്തെ വകുപ്പ് അധ്യക്ഷന്മാരുടെ അറിവോടും അംഗീകാരത്തോടും കൂടിയായിരുന്നു. ഒരുവിധ രാഷ്ട്രീയ സ്വാധീനത്തിനും വഴങ്ങിയല്ല ഇത്തരം വസ്തുതതകൾ ബഹു. ഹൈക്കോടതിയെ ബോധിപ്പിച്ചത്.

സർവ്വീസിൽ നിന്നും വിരമിച്ചശേഷം ഭരണഘടനാപദവി വഹിക്കുന്ന ഒരു ഭരണാധികാരിയോടൊപ്പം സേവനം നടത്തിയത് ഈ റിപ്പോർട്ടിനുള്ള പ്രത്യുപകാരമാണെന്ന് പറയുന്നത് രാഷ്ട്രീയവും മറ്റു വിരോധവും കാരണമാണെന്ന് മാത്രമേ പറയാൻ കഴിയൂ. സ്വയം വിരമിച്ചശേഷം ഒരു ഉദ്യോഗത്തിനും ആനുകൂല്യത്തിനും വേണ്ടി ഞാൻ ആരുടെ മുമ്പിലും ഒരു അപേക്ഷയും കൊടുത്തിട്ടില്ല. മേൽപ്പറഞ്ഞ വസ്തുതകൾ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടിന് ഒരു പ്രത്യുപകാരം ചെയ്യാനും ഇന്നത്തെ മുഖ്യമന്ത്രിയോ മറ്റേതെങ്കിലും നേതാവോ എന്നോട് കടപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. വിവരസമാഹരണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ബഹു. ഹൈക്കോടതിയെ അറിയിച്ചതല്ലാതെ ആർക്കും ഒരു ആനുകൂല്യവും നൽകാൻ ഈ റിപ്പോർട്ടിൽ ശ്രമിച്ചിട്ടില്ല.

കേന്ദ്ര സർക്കാരിൻറെ പ്രവർത്തന ഘടനയിൽ ഒരു അഡിഷണൽ ഡയറക്ടർക്ക് പ്രസ്തുത ഉദ്യോഗസ്ഥൻ വിചാരിച്ചാൽ പോലും ഭാവനയിൽ കാര്യങ്ങൾ കണ്ടുകൊണ്ട് ഒരു റിപ്പോർട്ട് സൃഷ്ടിക്കാൻ കഴിയില്ല. അനാവശ്യ ആരോപണങ്ങളിലേക്കാണ് പൊതുരംഗത്തോ രാഷ്ട്രീയത്തിലോ ഇല്ലാത്ത എന്നെപ്പോലൊരു വ്യക്തിയെ വലിച്ചിഴയ്ക്കുന്നതും ചെളിവാരിയെറിയുന്നതും. ഇത് കുറെ അധികം നാളായി വേറെ ചില ആളുകൾ വച്ചുനടത്തുന്നുമുണ്ട്. ഒരു ഭാഗം മാത്രം മാധ്യമങ്ങൾ വഴി പുറത്തുവരുന്നത് ഉചിതമായിരിക്കില്ല എന്നതുകൊണ്ട് മാത്രമാണ് ഈ വിശദീകരണ കുറിപ്പ്.മേൽപറഞ്ഞ വസ്തുതകൾ ശ്രീ. ഷോൺ ജോർജ്ജിന് അല്ല ആർക്കുവേണമെങ്കിലും തുറന്ന മനസ്സുണ്ടെങ്കിൽ ബോധ്യപ്പെടാവുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top