‘മോദിയുടെ നാട്ടിൽ എട്ടാം ക്ലാസുകാരനും ഡോക്ടറാകാം’; വ്യാജമെഡിക്കൽ ബിരുദത്തിന് വെറും 70000 രൂപ മാത്രം; തട്ടിപ്പ് പുറത്ത്

ഗുജറാത്തിൽ വ്യാജ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് നൽകുന്ന സംഘം പിടിയിൽ. ഇവരിൽ നിന്നും പണം നൽകി മെഡിക്കൽ ബിരുദം സ്വന്തമാക്കിയ 14 വ്യാജ ഡോക്ടർമാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ശോഭിത്, ഇമ്രാൻ എന്നീ രണ്ട് പേർ തട്ടിപ്പ് സംഘത്തിൻ്റെ ഭാഗമായ പ്രധാനികളാണ്. ഗുജറാത്ത് സർക്കാരിൻ്റെ ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ ( Board of Electro Homoeopathic Medicine/BEHM) ബിരുദമാണ് സംഘം വിതരണം ചെയ്തിരുന്നത്. ഗുജറാത്തിലെ ആയുഷ് മന്ത്രാലയം നൽകുന്ന ബിരുദങ്ങളും ഇവർ നിർമ്മിച്ച് വിൽപ്പന നടത്തിയിട്ടുണ്ട്.
ഏകദേശം 1200ഓളം പേർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതായിട്ടാണ് പോലീസിൻ്റെ കണ്ടെത്തൽ. ഇവരുടെ പക്കൽ നിന്ന് നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പോലീസ് പിടിച്ചെടുത്തു. എട്ടാം ക്ലാസ് യോഗ്യതയുള്ളവർ വരെ ഇവരുടെ പക്കൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ടെന്നും അന്വേഷത്തിൽ തെളിഞ്ഞിട്ടുണ്ട്.
വ്യാജ ഡോക്ടർ ബിരുദമുള്ള മൂന്ന് പേർ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പും പോലീസും ചേർന്ന് നടത്തിയ പരിശോധനയാണ് തട്ടിപ്പ് സംഘത്തെ കുടുക്കിയത്.വിവരം ലഭിച്ചത് പ്രകാരമുള്ള ക്ലിനിക്കുകളിൽ റെയ്ഡ് നടത്തുകയായിരുന്നു. ഡോക്ടർമാരെ ചോദ്യം ചെയ്തപ്പോൾ തട്ടിപ്പ് സംഘം നൽകിയ ബിഇഎച്ച്എം ബിരുദങ്ങൾ കാണിച്ചു. ഗുജറാത്ത് സർക്കാർ അത്തരം ബിരുദങ്ങളൊന്നും നൽകാത്തതിനാൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒരു ബിരുദത്തിന് 70000 രൂപ ഈടാക്കി പരിശീലനവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അലോപ്പതി, ഹോമിയോപ്പതി എന്നിവ ഒരു പ്രയാസംകൂടെ പരിശീലിക്കാം എന്നും ഇവർ ഉറപ്പ് നൽകിയിരുന്നു. ഒരു വർഷത്തിന് ശേഷം 5,000 മുതൽ 15,000 രൂപ വരെ നൽകി ഡോക്ടർ സർട്ടിഫിക്കറ്റ് പുതുക്കണമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു. ഇതു ചെയ്യാത്തവരെ സംഘം ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here