വര്‍ഗീയ അധിക്ഷേപം നടത്തിയ പാനൂര്‍ നഗരസഭാസെക്രട്ടറിയെ കൗണ്‍സില്‍ യോഗത്തില്‍ വിളിച്ച് വരുത്തി; സസ്പെന്‍ഷന് പ്രമേയം പാസാക്കിയില്ല; സ്ഥലംമാറ്റത്തോടെ പ്രശ്നം അവസാനിപ്പിക്കാന്‍ നഗരസഭ

കണ്ണൂര്‍ : നഗരസഭാ-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള ഫോണ്‍ സംഭാഷണം നടത്തിയ പാനൂര്‍ നഗരസഭാസെക്രട്ടറി എ. പ്രവീണിനെ ഇന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിളിച്ച് വരുത്തി വിശദീകരണം തേടി. സംഭാഷണത്തില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും മുഴുവന്‍ പരാമര്‍ശങ്ങള്‍ തന്റെതല്ലെന്നുമാണ് സെക്രട്ടറി പറഞ്ഞത്. പ്രവീണിന് എതിരെ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ കടുത്ത എതിര്‍പ്പാണുയര്‍ന്നത്.

ഫോണ്‍ സംഭാഷണം വിവാദമായതിന് പിന്നാലെ പ്രവീണിനെ മാനന്തവാടിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യാനാണ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നത്. സാധാരണ ഗതിയില്‍ സസ്പെന്‍ഷന് വേണ്ടി പ്രമേയമാണ് പാസാക്കുന്നതെങ്കിലും പ്രമേയം പാസാക്കാതെ മിനിറ്റ്സില്‍ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഈ നടപടി വിവാദം സ്ഥലംമാറ്റത്തോടെ അവസാനിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിന്റെ സൂചനയാകുന്നു.

നഗരസഭാ സെക്രട്ടറി പ്രവീണും ഓഫീസിലെ ജീവനക്കാരനും തമ്മിലുള്ളത് എന്ന പേരിലാണ് ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. നഗരസഭാ ചെയര്‍മാനും കൗണ്‍സില്‍ അംഗങ്ങള്‍ക്കുമെതിരെയാണ് പ്രവീണ്‍ വര്‍ഗീയ അധിക്ഷേപം നടത്തുന്നത്. സ്വകാര്യ സംഭാഷണത്തിലാണ് വിദ്വേഷ പരാമ‍ർശങ്ങള്‍ ഉള്ളത്. അതുകൊണ്ട് തന്നെ മുസ്ലിം ലീഗ് നല്‍കിയ പരാതിയില്‍ നിയമോപദേശം തേടി മാത്രം കേസെടുക്കാനാണ് പോലീസ് നീക്കം.

പ്രവീണ്‍ ചെയ്ത രണ്ട് കാര്യങ്ങളില്‍ അദ്ദേഹത്തെ വിളിച്ച് വിയോജിപ്പ്‌ രേഖപ്പെടുത്തിയതായി പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി.നാസര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കണ്ടിജന്റ് ജീവനക്കാരുടെ ശമ്പള പ്രശ്നമുണ്ടായിരുന്നു. വര്‍ക്ക് ഡയറി വെക്കാതിരുന്നതുകൊണ്ടാണ് ശമ്പളം നല്‍കിയില്ല.

അടുത്ത മാസം മുതല്‍ വര്‍ക്ക് ഡയറി നിര്‍ബന്ധമാക്കാനും ഈ മാസം ശമ്പളം നല്‍കാനും സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. തനത് ഫണ്ട് വക മാറ്റി ഇന്‍കം ടാക്സ് അടച്ച കാര്യത്തില്‍ പ്രവീണിനോട് വിശദീകരണം തേടിയിരുന്നു. 95000 രൂപയോളം വക മാറ്റിയപ്പോള്‍ നഗരസഭയ്ക്ക് നഷ്ടം വന്നു. പ്രവീണ്‍ നിയമവിരുദ്ധ കാര്യം ചെയ്തതില്‍ സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു. ഇത് രണ്ടും പ്രവീണിനെ പ്രകോപിച്ചിരിക്കാം. മുസ്ലിം ലീഗ് പാര്‍ട്ടി തലത്തില്‍ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്-നാസര്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top