ഇവിടെ ക്രിസ്ത്യൻപ്രേമം, അസമിൽ ഭീഷണി; വൈദികർ സ്കൂളിൽ സഭാവസ്ത്രം ധരിക്കരുതെന്ന് തീവ്ര ഹിന്ദുസംഘടന; സ്കൂൾ പരിസരത്തെ ചാപ്പലുകൾ നീക്കം ചെയ്യാനും ഭീഷണി

ബാർപേട്ട് (അസം) : ക്രിസ്ത്യൻ വിദ്യാലയങ്ങളുടെ പരിസരങ്ങളിലുള്ള ദേവാലയങ്ങളും ചാപ്പലുകളും എത്രയും പെട്ടെന്ന് നീക്കണമെന്ന് തീവ്ര ഹിന്ദു സംഘടനയായ കുടുംബ സുരക്ഷ പരിഷത്തും, ഹിന്ദു സുരക്ഷ സേനയും കത്തോലിക്കാ സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം ബാർപേട്ട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ടത്. അസം ഭരിക്കുന്ന ബിജെപി സർക്കാരും ഈ സംഘടനകളുടെ ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ചിട്ടും തടയാനുള്ള നടപടികളൊന്നും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിൽ മറ്റു മതസ്ഥരായ കുട്ടികളുടെമേല്‍ ക്രിസ്‌ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും സ്‌കൂളുകളില്‍ സര്‍വമത പ്രാര്‍ത്ഥനാമുറി സജ്‌ജമാക്കണമെന്നും അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) കഴിഞ്ഞയാഴ്ച മാർഗനിർദേശം നൽകിയിരുന്നു. എല്ലാ ദിവസവും സ്കൂളുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കാനും നിർദേശിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾക്കുളള സിബിസിഐയുടെ പുതിയ നിർദേശങ്ങളെ കുടുംബ സുരക്ഷാ പരിഷത്ത് പ്രസിഡൻ്റ് സത്യ രഞ്ജൻ ബോറ സ്വാഗതം ചെയ്തു. പക്ഷേ സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന ദേവാലയങ്ങളും, ക്രൈസ്തവ മത ചിഹ്നങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ബോറ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ സംഘടന നേരിട്ട് ഇടപെട്ട് ഇവ നീക്കം ചെയ്യുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

അധ്യാപകരായ വൈദികരും കന്യാസ്ത്രീകളും സ്കൂളുകളിൽ സഭാ വസ്ത്രങ്ങൾ ധരിച്ച് വരാൻ പാടില്ല, സാധാരണ വസ്ത്രങ്ങൾ മാത്രം ധരിക്കുക, ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കായി ശനിയാഴ്ചകളിൽ നടത്തുന്ന മതപഠന ക്ലാസുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബ സുരക്ഷാ പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. കത്തോലിക്കാ സഭയുടെ കീഴിൽ രാജ്യമൊട്ടാകെ 14,000 സ്കൂളുകളും 650 കോളജുകളും, 450 സാങ്കേതിക വിദ്യാലയങ്ങളും , ഏഴ് സർവ്വകലാശാലകളും അഞ്ച് മെഡിക്കൽ കോളജുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിനും പുറമെ മറ്റ് സഭാ വിഭാഗങ്ങൾ നേതൃത്വം നൽകുന്ന 3,0000ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യമൊട്ടാകെ പ്രവർത്തിക്കുന്നുണ്ട്. 150 മുതൽ 200 വർഷം പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. തീവ്ര ഹിന്ദുസംഘടനകളുടെ പല തരത്തിലുള്ള ഭീഷണിമൂലം ദൈനംദിന പ്രവർത്തനങ്ങൾ പോലും അപകടത്തിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളുടെ നിലനിൽപ് കടുത്ത പ്രതിസന്ധിയിലാണ്. ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ഭരണഘടന അനുമതി നല്കിയിട്ടുണ്ടെന്ന കാര്യം പോലും വിസ്മരിച്ചു കൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭീഷണിയും വിവേചനവും നേരിടുന്നത്.

ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് 15 വരെ ക്രൈസ്തവർക്ക് നേരെ 161 അക്രമ സംഭവങ്ങൾ നടന്നതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻ്റെ ( യുസി എഫ്) കണക്കുകൾ. ക്രിസ്ത്യാനികൾക്ക് നേരെ രാജ്യത്ത് പ്രതിദിനം ശരാശരി മൂന്ന് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് യുസിഎഫിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ ബിജെപി ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ പല അടവുകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പലഹാരപ്പൊതികളുമായി ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നതിന് പുറമെ, ബിഷപ്പുമാരെ സന്ദർശിച്ച് പിന്തുണ തേടുന്നുമുണ്ട്. അതേസമയം അസമിൽ പ്രവർത്തിക്കുന്ന രണ്ട് പ്രധാന സംഘടനകളുടെ നിലപാട് ഇങ്ങനെയാണ്. ഈയടുത്തകാലത്ത് അസമിലെ ചില സ്കൂളുകൾക്ക് മുന്നിലുള്ള കുരിശുകളും രൂപങ്ങളും ഇവർ തല്ലിതകർത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top