വയനാട് ഒഴിവാക്കുമോ? തീരുമാനം ഉടൻ, രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നിർണായക യോഗം തുടങ്ങി; സോണിയാ ഗാന്ധിയും പങ്കെടുക്കുന്നു

വയനാടോ അതോ റായ്ബറേലിയോ? രണ്ട് മണ്ഡലത്തിലും ഉജ്വല വിജയം നേടിയതോടെ ഏത് മണ്ഡലം രാഹുല്‍ ഗാന്ധി നിലനിര്‍ത്തണം എന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ തുടങ്ങി. നാളെ ഈ കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടതുണ്ട്. ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നുണ്ട്. അതിനാല്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ രാഹുല്‍ ഉത്തരം നല്‍കണം.

പ്രതിസന്ധിയില്‍ തന്നെ തുണച്ച വയനാട് നിലനിര്‍ത്തണം എന്ന ആഗ്രഹം രാഹുല്‍ ഗാന്ധിയ്ക്ക് ഉണ്ടെങ്കിലും പാര്‍ട്ടി പ്രവര്‍ത്തക സമിതി റായ്ബറേലി നിലനിര്‍ത്തണം എന്ന തീരുമാനത്തിലാണ് എത്തിയത്. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ രാഹുലിന്റെ സാന്നിധ്യം അത്യാവശ്യമാണ് എന്ന തീരുമാനത്തിലാണ് റായ്ബറേലി എന്ന ആവശ്യം പ്രവര്‍ത്തക സമിതിയില്‍ നിന്നും ഉയര്‍ന്നത്. വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ വയനാട് എത്തിയപ്പോള്‍ താന്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് രാഹുല്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കെ.മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരും വയനാടിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here