എന്തിനാണ് ആന്റി റാഗിങ് സെല്ലുകൾ; നിയമം ശക്തമായിട്ടും ക്യാമ്പസുകൾ ഭരിക്കുന്നത് വിദ്യാർത്ഥി സംഘങ്ങള്‍

തിരുവനന്തപുരം: റാഗിങ്ങിന്റെ ഭീകരത മലയാളികൾക്ക് മുന്നിൽ ചിത്രീകരിച്ച സിനിമയാണ് 1987ൽ പുറത്തിറങ്ങിയ മോഹൽലാലിന്റെ അമൃതം ഗമയഃ. ചിത്രത്തില്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ റാഗിങ്ങിനിരയായി മരിക്കുന്ന വിനീതിനെ മലയാളി ഒരിക്കലും മറക്കാന്‍ ഇടയില്ല. സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് കേരളത്തില്‍ റാഗിങ്ങിന്റെ പേരില്‍ പലപ്പോഴും നടന്നിട്ടുള്ളത്. പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലത്ത് റാഗിങ് രൂക്ഷമായി നിലനിന്നിരുന്നത്. പിന്നീട് അത് മറ്റ് കോളജുകളിലും വ്യാപിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് യുജിസി ആന്റി റാഗിങ് നിയമം കൊണ്ടുവന്നത്. നിയമങ്ങൾ നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിൽ കാലക്രമേണ റാഗിങ് നിയന്ത്രണവിധേയമായി. എന്നാലും പൂർണമായി ഇല്ലാതായെന്ന് പറയാൻ കഴിയില്ല.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോളജുകളിൽ റാഗിങ് രൂക്ഷമാകുന്നതിന്റെ ഉദാഹരണമാണ് വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തിരുവനന്തപുരം ഗവണ്മെന്റ് സംസ്‌കൃത കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ സീനിയേഴ്സ് റാഗിങ്ങിനിടയിൽ മൃഗീയമായി മർദ്ദിച്ചത്. കോളജുകളിൽ യുജിസി ആന്റി റാഗിങ് സെല്ലുകൾ നിർബന്ധമാക്കിയിട്ടും ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ ഈ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് മാധ്യമ സിൻഡിക്കറ്റ്
യുജിസിയുടെ ആന്റി റാഗിങ് വെബ്സൈറ്റായ അമൻ മൂവ്മെന്റിന്റെ കണക്ക് പ്രകാരം 2009 മുതൽ 2022 വരെ കേരളത്തിൽ 364 റാഗിങ് കേസുകളാണ് യുജിസി ആന്റി റാഗിങ് കാൾ സെന്റർ വഴി രജിസ്റ്റർ ചെയ്യപ്പെട്ടത്. റാഗിങ് കൂടുതലുള്ള സംസ്ഥാനങ്ങളിൽ ആദ്യ പത്തിൽ കേരളവും ഉണ്ട്. കോളജുകളിലെ ആന്റി റാഗിങ് സെല്ലുകൾ വിദ്യാർത്ഥി എന്തിനാണ് ആന്റി റാഗിങ് സെല്ലുകൾ; നിയമം ശക്തമായിട്ടും ക്യാമ്പസുകൾ ഭരിക്കുന്നത് വിദ്യാർത്ഥി സംഘങ്ങളുടെ ഇടപെടൽ മൂലം നിഷ്ക്രിയമാണെന്ന ആക്ഷേപമുണ്ട്. അതുകൊണ്ടാണ് യുജിസിയുടെ സെല്ലുകളിൽ പരാതിപ്പെടാൻ വിദ്യാർത്ഥികൾ മുതിരുന്നത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സംഭവത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ആന്റി റാഗിങ് സെല്ലിലെ അംഗങ്ങളാണ്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത്തരം സംവിധാനത്തിൽ വിശ്വാസം നഷ്ടമാകുന്ന സ്ഥിതിയാണ് കേരളത്തിൽ നിലവിലുള്ളത്.
“കേരളത്തിലെ സർവകലാശാലകളിൽ എസ്എഫ്ഐയ്ക്ക് അമിത സ്വാതന്ത്ര്യമാണ് നല്കിയിരിക്കുന്നത്. സിപിഎം അധ്യാപക സംഘടനകളാണ് എസ്എഫ്ഐക്ക് കൂട്ടുനിൽക്കുന്നത്. മിക്ക സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽമാരും സർവകലാശാലാ വിസിമാരും അധ്യാപകരുമെല്ലാം സിപിഎമ്മിന്റെ ആളുകളാണ്. എസ്എഫ്‌ഐക്കാർ എന്ത് ചെയ്താലും ഇവർ മിണ്ടില്ല. ഹോസ്റ്റലുകളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങൾ. അഥവാ റാഗിങ്ങിന് കേസ് എടുത്താൽ നേതാക്കൾ ഇടപെട്ട് രക്ഷിക്കുമെന്ന് ചെയ്യുന്നവർക്ക് ഉറപ്പുണ്ട്. നിയമങ്ങൾ എല്ലാം ശക്തമാണ് പക്ഷെ നടപ്പിലാക്കുന്നില്ല. രണ്ടോ മൂന്നോ വർഷം ശിക്ഷ ലഭിക്കേണ്ട കുറ്റമാണ്. മറ്റൊരു കോളജിൽ പിന്നീട് പഠിക്കാൻ പോലും പറ്റില്ല. ഇത് കൃത്യമായി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ല”; സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ് റാഗിങ്. കൂടാതെ ശിക്ഷിക്കപ്പെടുന്നവരെ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും നിശ്ചിതകാലം വരെ മറ്റ് സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്യും.
2001ലാണ് സുപ്രീംകോടതി കോളജുകളിൽ റാഗിങ് നിരോധിച്ചത്. എന്നാൽ ഒളിഞ്ഞും തെളിഞ്ഞും ഈ പ്രക്രിയ നടന്നുകൊണ്ടേയിരുന്നു. 2009ൽ ഹിമാചൽപ്രദേശിലെ ധർമ്മശാലയിലെ റാഗിങ്ങിനിരയായി മെഡിക്കൽ വിദ്യാർത്ഥി അമൻ കച്ചറു മരിച്ചതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങിനെതിരെ ശക്തമായ നടപടി എടുക്കാൻ കോടതി നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായാണ് യുജിസി ആന്റി റാഗിങ് ചട്ടം കൊണ്ടുവന്നത്. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിങ് സെൽ രൂപീകരിക്കുക എന്നതാണ് പ്രധാന മാനദണ്ഡം. അഡ്മിഷൻ സമയത്ത് ഓരോ കുട്ടിയും ആന്റി റാഗിങ് സത്യവാങ്മൂലം സമർപ്പിക്കണം. ഇത് പിന്നീട് കോളജ് പ്രിൻസിപ്പലിനും സർവകലാശാലാ വൈസ് ചാൻസലർക്കും അയക്കും. കൂടാതെ എല്ലാ കോളജ്-സർവകലാശാലാ വെബ്സൈറ്റുകളിലും അതത് സ്ഥാപനങ്ങളിലെ ആന്റി റാഗിങ് സെൽ നോഡൽ ഓഫീസറുടെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും പ്രസിദ്ധീകരിക്കണം. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെട്ടതാണ് സെൽ. സെല്ലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ മോണിറ്ററിങ് ഏജൻസിയും യുജിസി രൂപീകരിച്ചിട്ടുണ്ട്. ഇത്രയൊക്കെ ശക്തമായ സംവിധാനം നിലനിൽക്കുമ്പോഴാണ് സംസ്ഥാനത്ത് റാഗിങ്ങുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here