യുപിയിലെ ‘ആൺപിള്ളേർ’ തരംഗമാകുന്നു; മോദിയുടെ ആക്ഷേപം പൊൻതൂവലാക്കി രാഹുൽ – അഖിലേഷ് കൂട്ടുകെട്ട്
ഉത്തർപ്രദേശിലെ രണ്ട് ആൺപിള്ളേരാണ് (ദോ ലഡ്കേ) ബിജെപിയുടെ അടിവേരിളക്കിയത്. നരേന്ദ്ര മോദിയുടെ 400 സീറ്റെന്ന മോഹത്തിന് ബ്രേക്കിട്ടത് ഈ യുപി ബോയ്സാണ്. പ്രായം കൊണ്ട് അരസെഞ്ച്വറി അടിച്ചവരാണ് ഇവർ. എന്നാലും എതിരാളികളുടെയും അനുയായികളുടെയും കണ്ണിൽ അവർ സൂപ്പർ ഹീറോകളായ കൊച്ചുമിടുക്കന്മാരാണ്; 54കാരൻ രാഹുൽ ഗാന്ധിയും 51കാരൻ അഖിലേഷ് യാദവും. ഇന്നലെ 54 വയസിലേക്ക് കടന്ന രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസ നേർന്ന അഖിലേഷിന് ട്വിറ്ററിൽ രാഹുൽ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു – “യുപിയിലെ രണ്ട് ആൺകുട്ടികൾ ഇന്ത്യൻ രാഷ്ടീയത്തിൽ സ്നേഹത്തിൻ്റെ കടകൾ തുറക്കും”.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപംകൊണ്ട കോൺഗ്രസ് -സമാജ് വാദി സഖ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും തുടരുമെന്നാണ് സൂചനകൾ. ഉത്തർ പ്രദേശിലെ 80 സീറ്റുകളിൽ 43 സീറ്റ് ഈ സഖ്യം നേടി. എസ്പി 37, കോൺഗ്രസ് ആറ് എന്നിങ്ങനെയായിരുന്നു സീറ്റുനില. എസ്പി സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയായും മാറി. ബിജെപി ക്ക് കേവലം 33 സീറ്റുകൾ നേടാനേ കഴിഞ്ഞുള്ളു. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തിൽ ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള സാധ്യത അട്ടിമറിച്ചത് യുപിയിലെ അപ്രതീക്ഷ തോൽവിയാണ്. അയോധ്യ രാമക്ഷേത്ര നിർമ്മാണം പോലും പാർട്ടിക്ക് ഗുണം ചെയ്യാത്ത വിധം തകർത്തത് ഈ ചെറുപ്പക്കാർ സൃഷ്ടിച്ചെടുത്ത വിശ്വാസ്യതയായിരുന്നു. രണ്ടു നേതാക്കളും സാധാരണക്കാരുടേയും ചെറുപ്പക്കാരുടേയും ഭാഷയിലാണ് ജനങ്ങളോട് സംസാരിച്ചത്. അവരുടെ വാക്കുകളിലെ ആത്മാർത്ഥതക്കാണ് ജനങ്ങൾ വോട്ട് നൽകിയത്.
2017ൽ ‘യുപി കേ ദോ ലഡ്കേ’ (യുപിയിലെ രണ്ട് ആൺകുട്ടികൾ) എന്ന പ്രചരണവാക്യം ഇരുവരെയും കളിയാക്കാനായി മെനഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികളും സഖ്യമായിട്ടാണ് മത്സരിച്ചത്. പക്ഷേ നേട്ടം കൊയ്യാനായില്ല. പിന്നീട് സഖ്യം സജീവമായത് പാർലമെൻ്റ് തിരഞ്ഞെടുപ്പ് കാലത്താണ്. അന്ന് കളിയാക്കിവിട്ട സഖ്യം ഏഴുവർഷം കഴിഞ്ഞപ്പോൾ ഗംഭീരവിജയം നേടി മോദിക്ക് ചുട്ട മറുപടി കൊടുത്തു. ഇതാണ് ഉണ്ടായിരിക്കുന്നത്.
അന്നത്തെ മോദിയുടെ പരിഹാസ പ്രയോഗം ടാഗ് ലൈനാക്കിയാണ് ഇന്നിപ്പോൾ രാഹുലും അഖിലും വിജയമുദ്രാവാക്യമാക്കി മാറ്റിയിരിക്കുന്നത്. യുപി കേ ദോ ലഡ് കേ – ഇതൊരു വിജയ മന്ത്രമായി മാറി എന്ന് എല്ലാവരും സമ്മതിക്കുന്നു. ബിജെപിയെ 240 സീറ്റിൽ പിടിച്ചു കെട്ടിയത് ഈ രണ്ട് യുപി ബോയ്സാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here