സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ പ്രധാനമന്ത്രി മാച്ച്ഫിക്സിങ് നടത്തുന്നതായി രാഹുൽഗാന്ധി; മോദി രാവണനെന്ന് പ്രിയങ്ക; ഇൻഡ്യ റാലിയിൽ ആവേശമായി കോൺഗ്രസ് നേതാക്കൾ

ഡൽഹി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾക്കെതിരെ നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണി നടത്തിയ റാലിയിൽ ആവേശമായി രാഹുലും പ്രിയങ്കയും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചായിരുന്നു ഇരുവരുടെയും പ്രസംഗം. 28 പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്.

ബിജെപി ഇതര സർക്കാരുകളെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മാച്ച്ഫിക്സിങ് നടത്തുകയാണെന്ന് രാഹുൽഗാന്ധി വിമർശിച്ചു. ഇതിന് ചില കോടിപതികളായ കോർപ്പറേറ്റുകളുടെ സഹായവുമുണ്ട്. ഇവർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. ഇതിലൂടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. ആരെയെല്ലാം നിശബ്ദരാക്കിയാലും ജനങ്ങളുടെ വികാരം മൂടിവയ്ക്കാൻ കഴിയില്ല. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്നതിന് കോർപ്പറേറ്റുകൾക്ക് കുടപിടിക്കുകയാണ് കേന്ദ്രസർക്കാർ. പ്രതിപക്ഷത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രിയെ രാവണനോടു ഉപമിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. എല്ലാം ഉണ്ടായിട്ടും രാവണൻ പരാജയപ്പെട്ടു എന്നത് ഓർക്കണം. ഇതിനു കാരണം സത്യം രാമന്റെ ഭാഗത്ത് ആയതിനാലാണെന്നും പ്രിയങ്ക പറഞ്ഞു.

ജാർക്കണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറനെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മോചിപ്പിക്കണമെന്ന പ്രസ്താവനയും റാലിയിൽ അവതരിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top