5 കോടി വേണ്ട, 2.5 മതിയെന്ന് രാഹുൽ ദ്രാവിഡ്; എല്ലാവരെയും ഒരുപോലെ പരിഗണിക്കണമെന്ന് താരം

ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിൽ 5 കോടി വീതം താരങ്ങൾക്കും 5 കോടി രൂപ ടീം കോച്ച് രാഹുൽ ദ്രാവിഡിനും നൽകുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ബിസിസിഐ വാഗ്‌ദാനം ചെയ്ത 5 കോടിക്കു പകരം 2.5 കോടി മതിയെന്ന് അറിയിച്ചിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. ടീമിലെ മറ്റു സപ്പോർട്ടിങ് സ്റ്റാഫിനെപ്പോലെ തന്നെ പരിഗണിച്ചാൽ മതിയെന്നാണ് രാഹുലിന്റെ നിലപാട്.

ബൗളിങ് പരിശീലകൻ പരാസ് മാംബ്രെ, ഫീൽഡിങ് പരിശീലകൻ ടി.ദിലീപ്, ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ് എന്നിവർക്ക് 2.5 കോടി രൂപയാണ് സമ്മാന തുകയായി ബിസിസിഐ വാഗ്‌ദാനം ചെയ്തത്. ഇതേ തുക തനിക്കും നൽകിയാൽ മതിയെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

2018ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിന് 50 ലക്ഷം രൂപ നൽകാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് 20 ലക്ഷം രൂപ വീതവും കളിക്കാർക്ക് 30 ലക്ഷം രൂപ വീതവും നൽകാനും ബിസിസിഐ തീരുമാനിച്ചിരുന്നു. അന്നും സമ്മാനതുക തുല്യമായി വിതരണം ചെയ്യാൻ ദ്രാവിഡ് ആവശ്യപ്പെട്ടതിനെ തുടർന്ന് സപ്പോർട്ടിങ് സ്റ്റാഫിലെ ഓരോ അംഗത്തിനും 25 ലക്ഷം രൂപ വീതമാണ് നൽകിയത്.

ടി20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യൻ ടീം ജേതാക്കളായത്. ഏഴ് റൺസിനായിരുന്നു ഇന്ത്യൻ ജയം. ബാറ്റിങ് കരുത്തിലും ബൗളിങ് മികവിലുമാണ് ഇന്ത്യ ടി20യിലെ രണ്ടാം ലോക കിരീടവും, ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top