ലോകകപ്പിന് ശേഷം പുതിയ കോച്ച്? ദ്രാവിഡ് യുഗത്തിന് അവസാനമെന്ന് സൂചന
മുംബെെ: 2023 ലോകകപ്പിന് പിന്നാലെ ടീം ഇന്ത്യക്ക് പുതിയ കോച്ച് എന്ന് സൂചന. മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കരാർ ഈ വർഷം അവസാനിക്കുമെന്നിരിക്കെ ഇന്ത്യ ആതിഥേയരാകുന്ന ലോകകപ്പോടെ പടിയിറക്കമുണ്ടായേക്കുമെന്ന് ഇന്‍സെെഡ് സ്പോർട്ട് റിപ്പോർട്ടുചെയ്യുന്നു. രണ്ടാമൂഴത്തിനായി രാഹുല്‍ ദ്രാവിഡ് പരിശീലക കരാർ പുതുക്കിയേക്കില്ല എന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം തുടർച്ചയായി യാത്ര ചെയ്യേണ്ടിവരുന്നതിനാല്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരിക്കെ അപ്രതീക്ഷിതമായായിരുന്നു 2021-ല്‍ രവി ശാസ്ത്രിയില്‍ നിന്ന് ദ്രാവിഡ് ഇന്ത്യന്‍ പരിശീലന്‍റെ ചുമതല ഏറ്റെടുത്തത്. ആ ഘട്ടത്തിലും ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചുമതലയേല്‍ക്കാന്‍ ദ്രാവിഡ് മടികാട്ടിയിരുന്നു. തുടർന്ന് സൗരവ് ഗാംഗുലിയും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേർന്ന് നടത്തിയ ചർച്ചകള്‍ക്കൊടുവിലാണ് താരത്തെ പരിശീലക സ്ഥാനത്ത് എത്തിച്ചത്.
അതേസമയം, നിലവില്‍ ലോകകപ്പ് നേടുകയാണ് പ്രധാന ലക്ഷ്യമെന്നും അതിനുശേഷം പരിശീലക കരാർ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നുമാണ് ബിസിസിഐയുടെ പ്രതികരണം. കരാർ നീട്ടുന്നത് സംബന്ധിച്ച് രാഹുലുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ലോകകപ്പിന് ശേഷം തീരുമാനമുണ്ടാകുമെന്നും മുതിർന്ന ബിസിസിഐ അംഗം ഇന്‍സെെഡ് സ്പോർട്ടിനോട് പറഞ്ഞു.
രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്ന പക്ഷം, പകരക്കാരായി ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന രണ്ട് പേരുകള്‍ വിവിഎസ് ലക്ഷ്മണും ആൻഡി ഫ്ലവറുമാണ്. എന്നാല്‍ ഇരുവരുമായും ഔദ്യോഗിക ചർച്ചകളൊന്നും നടത്തിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here