രാഹുലുമൊത്ത് പൊതു സംവാദത്തിന് മോദി വരുമോ ഇല്ലയോ; വെറുമൊരു എംപിയോട് പ്രധാനമന്ത്രി എന്തിന് ചര്‍ച്ച നടത്തണമെന്ന് ബിജെപി; ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൊതു സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഒരുമിച്ച് പങ്കെടുക്കുമോ, രാഷ്ട്രീയ- മാധ്യമ വൃത്തങ്ങളിലെ ചൂടേറിയ ചര്‍ച്ചയാണ്. പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംവാദത്തിന് തയ്യാറാണെന്ന് ക്ഷണിതാക്കളെ അറിയിച്ചു. എന്നാല്‍ മോദി തന്നോട് സംവദിക്കാന്‍ തയ്യാറാകില്ലെന്ന് 100 % ഉറപ്പാണെന്നും രാഹുല്‍ പ്രതികരിച്ചു.

രാഹുല്‍ കോണ്‍ഗ്രസിലെ വെറുമൊരു എംപി മാത്രമാണെന്നും അദേഹവുമായി പ്രധാനമന്ത്രി എന്തിന് സംവാദം നടത്തണമെന്നുമാണ് ബിജെപിയുടെ നിലപാട്.
ഒരു സാധാരണ ബിജെപി പ്രവര്‍ത്തകനുമായി അമേഠിയില്‍ മത്സരിക്കാന്‍ ധൈര്യമില്ലാത്ത ഒരാള്‍ പൊങ്ങച്ചം പറയരുതെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി പ്രതികരിച്ചു. മോദിയോട് സംവാദം നടത്താന്‍ രാഹുല്‍ ഇന്‍ഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആണോ എന്നും അവര്‍ ചോദിച്ചു. രാഹുലുമായി നേര്‍ക്കുനേര്‍ സംവാദത്തിന് പ്രധാനമന്ത്രി മോദി ഒരുക്കമല്ലെന്ന സന്ദേശമാണ് ബിജെപി നല്‍കുന്നത്.

പൊതുതിരഞ്ഞെടുപ്പില്‍ മുഖ്യ സ്ഥാനാര്‍ഥികള്‍ തമ്മില്‍ യുഎസിലും മറ്റും നടത്തുന്ന രീതിയിലുള്ള പൊതു സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെ ക്ഷണിച്ചത് സുപ്രീം കോടതി മുന്‍ജഡ്ജി ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ് എ.പി. ഷാ, മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം എന്നിവരാണ് . ഈ ക്ഷണത്തിന് മറുപടിയായിട്ടാണ് സംവാദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് രാഹുല്‍ കത്തെഴുതിയത്.

സംവാദത്തില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമേയുള്ളു. മോദിയും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള രാഷ്ടീയ പാര്‍ട്ടികളുടെ കാഴ്ചപ്പാടുകള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുകയെന്നത് ജനാധിപത്യത്തിന് നല്ലതാണെന്നും രാഹുല്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റ വിവിധ ഘട്ടങ്ങളില്‍ ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ ആര്‍ട്ടിക്കിള്‍ 370, സംവരണം, മതേതരത്വം, ഇലക്ട്രല്‍ ബോണ്ട്, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ പൊതു വിഷയങ്ങളില്‍ സംവാദം നടത്താന്‍ പ്രധാനമന്ത്രി ഒരുക്കമാണോ എന്ന ചോദ്യമുന്നയിച്ചത് കോണ്‍ഗ്രസായിരുന്നു. പൊതുസംവാദത്തിന് മോദിയെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വെല്ലുവിളിക്കയും ചെയ്തു. സംവാദത്തിലെ അപകടം മണത്ത ബിജെപി തൊടുന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ്. തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളില്‍ സംവാദത്തിനിറങ്ങിയാല്‍ സ്ഥിതി അപകടത്തിലാകുമെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിനുണ്ട്. ഇരുപക്ഷവും തങ്ങളുടെ മാനിഫെസ്റ്റോകളെക്കുറിച്ചും ഭരണഘടനാപരമായി സംരക്ഷിതമായ സാമൂഹ്യനീതിയെക്കുറിച്ചുള്ള അവരുടെ നിലപാടുകളെക്കുറിച്ചും പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചു. പക്ഷേ, സംവാദത്തിന് ഒരുക്കമല്ലാ എന്ന് ബിജെപി തുറന്ന് പറഞ്ഞില്ലെങ്കിലും ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഒഴിഞ്ഞ് മാറാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരുമായി നേര്‍ക്കുനേര്‍ വാര്‍ത്താസമ്മേളനം നടത്താത്ത പ്രധാനമന്ത്രി ഇത്തരമൊരു സംവാദത്തിന് തുനിയില്ലെന്നാണ് രാഷ്ടീയ കേന്ദ്രങ്ങള്‍ പറയുന്നത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top