‘രാജ്യദ്രോഹം പ്രചരിപ്പിക്കുന്ന ആർഎസ്എസ് മേധാവി’; വര്‍ഗീയത ജനങ്ങളിൽ എത്തിക്കാൻ കാണിക്കുന്ന ധൈര്യമെന്ന് പരിഹാസം
രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസ് മേധാവിയുടെ പ്രസ്താവന ‘രാജ്യദ്രോഹം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കോൺഗ്രസിൻ്റെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാഭവൻ്റെ ഉദ്ഘാടനത്തിന് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മോഹൻ ഭാഗവതിൻ്റെ പരാമർശം സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭരണഘടനയ്‌ക്കെതിരായ ആക്രമണവുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും താൻ എന്താണ് ചിന്തിക്കുന്നതെന്ന് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ രാജ്യത്തെ അറിയിക്കാനുള്ള അസാമാന്യ ധൈര്യം മോഹൻ ഭാഗവതിനുണ്ടെന്ന് രാഹുൽ പരിഹസിച്ചു.
ഭരണഘടന അസാധുവാണെന്നും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം കൊണ്ട് ഫലമുണ്ടായില്ലെന്നുമുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇങ്ങനെ പറഞ്ഞ് മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ അയാൾ വിചാരണ നേരിടേണ്ടി വരുമായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണെന്ന മോഹൻ ഭാഗവതിൻ്റെ അവകാശവാദം വലിയ വിവാദമായിരുന്നു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആരേയും എതിർക്കാനല്ല രാമക്ഷേത്രപ്രസ്ഥാനം ആരംഭിച്ചത്. രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കാനും ലോകത്തിന് വഴികാണിക്കാനും ഭാരതത്തെ സ്വയം ഉണർത്താനുമാണെന്നുമായിരുന്നു ഭാഗവത് പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here