രാഹുലിന് എടവണ്ണ ഉജ്വല സ്വീകരണം; നെഞ്ചില്‍ കൈവച്ച് നന്ദി പറഞ്ഞ് രാഹുല്‍; ‘ഞാന്‍ ദൈവമല്ല സാധാരണ മനുഷ്യനാണ്. ജനങ്ങളാണ് എന്റെ ദൈവം’

വയനാട് ലോക്സഭാ സീറ്റില്‍ ഉജ്വലവിജയം നേടിയ രാഹുല്‍ ഗാന്ധി വോട്ടർമാർക്ക് നന്ദിപറയാനായി കേരളത്തിലെത്തി. വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ​ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.

രാഹുലിന് ഹസ്തദാനം നല്‍കാനും അഭിവാദ്യം അര്‍പ്പിക്കാനും ആളുകള്‍ തിരക്കുകൂട്ടി. ആരെയും നിരാശപ്പെടുത്താതെ ഉള്ളഴിഞ്ഞ സൗഹൃദം പ്രകടിപ്പിച്ചാണ് രാഹുല്‍ റോഡ്‌ ഷോയില്‍ പങ്കെടുത്തത്. തുറന്ന ജീപ്പിൽ ജനങ്ങള്‍ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ​ഗാന്ധി വേദിയിലേക്കെത്തിയത്. കെ.സി.വേണു​ഗോപാൽ, വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ട്.

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇന്ത്യ സഖ്യം നടത്തിയതെന്ന് പൊതുസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. “ഭാരതത്തിലെ ചരിത്രസ്മാരകങ്ങളെ സംരക്ഷിക്കുന്നത് ഭാരതത്തിന്റെ ഭരണഘടനയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ പറഞ്ഞു. ഈ പോരാട്ടത്തില്‍ ഏകാധിപത്യ ശൈലിയുമായി മറുഭാഗത്ത് അണിനിരന്നത് മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കളാണ്. വാരണാസി ലോക്സഭാ സീറ്റില്‍ പ്രധാനമന്ത്രി കഷ്ടിച്ചാണ് വിജയിച്ചത്. അയോധ്യയില്‍ പോലും ബിജെപി പരാജയപ്പെട്ടു. വ്യക്തമായ സന്ദേശമാണ് ജനങ്ങള്‍ ബിജെപിക്ക് നല്‍കിയത്. ബിജെപിയുടെ ധാര്‍ഷ്ട്യത്തെ ജനങ്ങള്‍ വിജയംകൊണ്ട് പരാജയപ്പെടുത്തി. ഞാന്‍ ദൈവമല്ല സാധാരണ മനുഷ്യനാണ്. ജനങ്ങളാണ് എന്റെ ദൈവം.” മോദിയെ പരിഹസിച്ച് രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഉപേക്ഷിക്കുമോ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. റായ്ബറേലിയിലും വയനാടും ഉജ്വലമായ വിജയമാണ് അദ്ദേഹം നേടിയത്. യുപിയില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലിയില്‍തന്നെ തുടരാന്‍ നിര്‍ബന്ധിതനാവും എന്നാണ് സൂചന. ഈ കാര്യത്തില്‍ 17-നകം അന്തിമ തീരുമാനമെടുക്കേണ്ടി വരും.
എടവണ്ണയിലെ സ്വീകരണത്തിനു ശേഷം രാഹുല്‍ കല്പറ്റയില്‍ സ്വീകരണത്തില്‍ പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top